ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

ആറുമാസത്തിൽ 1,295 മാനുഷിക കേസുകൾക്ക് അംഗീകാരം നൽകി ദുബൈ

ദുബൈ: അസാധാരണമായ വ്യക്തിഗത സാഹചര്യങ്ങളിൽപ്പെട്ടവരുടെ അപേക്ഷകൾ പരിഗണിച്ച് 2026ന്‍റെ ആദ്യ ആറുമാസത്തിനിടെ 1,295 മാനുഷിക കേസുകൾക്ക് അംഗീകാരം നൽകിയതായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു.

ഇക്കാലയളവിൽ മാനുഷിക കേസുകൾക്കായുള്ള ജി.ഡി.ആർ.എഫ്.എ സമിതി 2,267 അപേക്ഷകളാണ് പരിശോധിച്ചത്. ഓരോ അപേക്ഷയും പ്രത്യേകം പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തത്. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനൊപ്പം മാനുഷിക പരിഗണനകളും കണക്കിലെടുത്താണ് കേസുകൾ പരിശോധിച്ചത്.

അസാധാരണ സാഹചര്യങ്ങളിൽപ്പെട്ടവരുടെ അപേക്ഷകളാണ് സമിതി പരിഗണിക്കുന്നത്. അപേക്ഷകന്‍റെ വ്യക്തിഗത സാഹചര്യം, പ്രശ്നത്തിന്‍റെ ഗൗരവം, ലഭ്യമായ രേഖകളും തെളിവുകളും തുടങ്ങിയവ വിശദമായി പരിശോധിച്ച ശേഷമാണ് സഹായം നൽകാനാകുമോ, അനുയോജ്യമായ മറ്റ് പരിഹാരം കണ്ടെത്താനാകുമോ എന്നതിൽ തീരുമാനമെടുക്കുന്നത്.

ഒരു സർക്കാർ നേട്ടത്തിന്‍റെ മൂല്യം നൽകുന്ന സേവനങ്ങളുടെ എണ്ണത്തിൽ മാത്രം അളക്കാനാവില്ല. ആ സേവനങ്ങൾ മനുഷ്യരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന യഥാർഥ മാറ്റമാണ് പ്രധാനപ്പെട്ടത്. ഓരോ അപേക്ഷക്കും പിന്നിൽ കേൾക്കുകയും മനസ്സിലാക്കുകയും ശ്രദ്ധാപൂർവം പരിഗണിക്കുകയും ചെയ്യേണ്ട ഒരു വ്യക്തിയുടെ കഥയുണ്ട് -ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. ഓരോ കേസും സൂക്ഷ്മമായി പരിശോധിച്ച് സാധ്യമായ പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നു.

മനുഷ്യന്‍റെ അന്തസ്സ് സംരക്ഷിക്കുന്നതിനൊപ്പം, അസാധാരണ സാഹചര്യങ്ങളിൽപ്പെട്ടവർക്ക് നിയമത്തിന്‍റെ പരിധിയിൽ ഉത്തരവാദിത്തത്തോടെയും ആവശ്യമായ ഇളവോടെയും പരിഗണന നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Dubai approves 1,295 humanitarian cases in six months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.