ഇന്ത്യൻ കോൺസൽ ജനറൽ ഡോ. എമ്മാദി വിഷ്ണുവർധൻ റെഡ്ഡിയെ അക്കാഫ് അസോസിയേഷൻ ഭാരവാഹികൾ ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിൽ സന്ദർശിച്ചപ്പോൾ
ദുബൈ: പുതുതായി ചുമതലയേറ്റ ദുബൈയിലെയും വടക്കൻ എമിറേറ്റുകളിലെയും ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. എമ്മാദി വിഷ്ണുവർധൻ റെഡ്ഡിയെ അക്കാഫ് അസോസിയേഷൻ ഭാരവാഹികൾ ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിൽ സന്ദർശിച്ച് ആശംസ നേർന്നു. അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി. ജോസഫ്, ട്രഷറർ രാജേഷ് പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളായ വിൻസന്‍റ് വലിയവീട്ടിൽ, ആർ. സുനിൽ കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ അംഗീകാരമുള്ള ഏക കോളജ് അലുംനി സംഘടനയായ അക്കാഫ് അസോസിയേഷൻ ഇന്ത്യൻ സമൂഹത്തിൽ വിശിഷ്യാ കേരളത്തിൽ നിന്നുള്ള പ്രവാസികളുമായി ബന്ധപ്പെട്ട് നടത്തുന്ന സേവന പ്രവർത്തനങ്ങളെ കോൺസുൽ ജനറൽ അഭിനന്ദിച്ചു. വിവിധ മേഖലകളിൽ അക്കാഫ് അസോസിയേഷൻ നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ കോൺസുലേറ്റിന്‍റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് കൂടിക്കാഴ്ചയിൽ കോൺസുൽ ജനറൽ അക്കാഫ് അസോസിയേഷൻ ഭാരവാഹികൾക്ക് ഉറപ്പു നൽകി. ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിലും പരിപാടികളിലും കോൺസൽ ജനറലിന്റെ ഓഫീസുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അക്കാഫ് അസോസിയേഷന്‍റെ താൽപര്യം ഭാരവാഹികൾ അറിയിച്ചു.
യു.എ.ഇയിലെ ഇന്ത്യൻ സമൂഹത്തിന്‍റെ ക്ഷേമത്തിനും പുരോഗതിക്കും കൂടുതൽ ഫലപ്രദമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും, ഇന്ത്യൻ കോൺസുലേറ്റും അക്കാഫ് അസോസിയേഷനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കൂടിക്കാഴ്ച വഴിയൊരുക്കുമെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.