ടിക്കറ്റ് ബുക്കിങ്ങിന് ‘ജയ്‌വാൻ’ കാർഡുകൾ സ്വീകരിക്കുന്ന ആദ്യ വിമാനക്കമ്പനിയായി ഇത്തിഹാദ് എയർവേസ്

അബൂദബി: യു.എ.ഇയുടെ പ്രഥമ ദേശീയ ആഭ്യന്തര പേയ്മെന്റ് കാർഡ് ശൃംഖലയായ ‘ജയ്‌വാൻ’ മുഖേനയുള്ള ടിക്കറ്റ് ബുക്കിങ് സൗകര്യം ലഭ്യമാക്കുന്ന ആദ്യ വിമാനക്കമ്പനിയായി ഇത്തിഹാദ് എയർവേസ് മാറി. ഇനിമുതൽ യാത്രക്കാർക്ക് ഇത്തിഹാദിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നേരിട്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ജയ്‌വാൻ കാർഡുകൾ ഉപയോഗിച്ച് സുരക്ഷിതമായി പണമടക്കാം. ഇത്തിഹാദിന്റെ ആഗോള ശൃംഖലയിലുടനീളമുള്ള സർവീസുകൾക്ക് ഈ സൗകര്യം ലഭ്യമാണ്.

യു.എ.ഇയുടെ ഡിജിറ്റൽ സാമ്പത്തിക സുരക്ഷയും ഇടപാടുകളും ശക്തിപ്പെടുത്തുന്നതിന്‍റെഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കിയിരിക്കുന്നത്. യു.എ.ഇ സെൻട്രൽ ബാങ്കിന്റെ സബ്സിഡിയറി സ്ഥാപനമായ ‘അൽ ഇത്തിഹാദ് പേയ്‌മെന്റ്സ്’ ആണ് ജയ്‌വാൻ പദ്ധതി നിയന്ത്രിക്കുന്നത്. 2026 ജൂലൈയിലാണ് രാജ്യത്ത് ജയ്‌വാൻ കാർഡുകൾ ഔദ്യോഗികമായി പുറത്തിറക്കിയത്. പങ്കാളിത്തത്തിന്റെ അടുത്ത ഘട്ടമായി, ‘ജയ്‌വാൻ റോയൽ’ കാർഡ് ഉടമകളായ ഇത്തിഹാദ് ഗസ്റ്റ് അംഗങ്ങൾക്ക് ടിക്കറ്റ് നിരക്കുകളിൽ പ്രത്യേക ഇളവുകളും മുൻഗണനാ ആനുകൂല്യങ്ങളും വൈകാതെ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. കംഫർട്ട് , ഡീലക്സ് ഫെയറുകളിലാണ് പ്രധാനമായും ഇളവുകൾ ലഭിക്കുക.

2025 ഒക്ടോബറിൽ ഇത്തിഹാദ് എയർവേസും അൽ ഇത്തിഹാദ് പേയ്‌മെന്റ്സും ഒപ്പുവെച്ച ധാരണാപത്രത്തിന്റെ തുടർച്ചയായാണ് ഈ പദ്ധതി യാഥാർത്ഥ്യമായത്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി ജയ്‌വാൻ കാർഡുകളുടെ വിതരണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Etihad Airways becomes the first airline to accept 'Jaywan' cards for ticket bookings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.