ദുബൈ: എമിറേറ്റിൽ ഡെലിവറി സർവിസ് നടത്തുന്ന ഇ-സ്കൂട്ടറുകൾക്ക് ഇനി ചാർജ് തീർന്നാൽ റീചാർജ് ചെയ്യേണ്ടിവരില്ല. പകരം ഫുൾ ചാർജുള്ള ബാറ്ററി തന്നെ മാറ്റിവെക്കാം. ഇതിനായി പ്രധാന സ്ഥലങ്ങളിലെല്ലാം ബാറ്ററി സ്വാപ്പിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് ദുബൈ റോഡ് ഗതാഗത അതോറിറ്റിയുടെ തീരുമാനം.
മെന ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി2ബി മൈക്രോ മൊബിലിറ്റി ടെക് സ്റ്റാർട്ടപ് ആയ ടെറ ടെക്കുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കുക. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച കരാറിൽ ഇരു സ്ഥാപനങ്ങളും ഒപ്പുവെച്ചു. കരാർ പ്രകാരം ദുബൈയിൽ ഇ-സ്കൂട്ടറുകൾ സർവിസ് നടത്തുന്ന പ്രധാന മേഖലകളിലെല്ലാം ബാറ്ററി സ്വാപ്പിങ് കേന്ദ്രങ്ങൾ ടെറ ടെക് സ്ഥാപിക്കും.
ദുബൈയിൽ സുസ്ഥിരമായ ഗതാഗത മാർഗങ്ങൾ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും പരിസ്ഥിതി സൗഹൃദപരമായ ബദൽ മാർഗങ്ങൾ ഉപയോഗിക്കാൻ ഡെലിവറി കമ്പനികളെ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് സംരംഭത്തിന്‍റെ ലക്ഷ്യം. കാർബൺ രഹിത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി മേഖലയിൽ ആരംഭിച്ച ആദ്യ പദ്ധതിയാണിതെന്ന് ആർ.ടി.എ പ്രസ്താവനയിൽ വ്യക്തമാക്കി.
ഡെലിവറി മേഖലയെ പിന്തുണക്കുന്നതിനൊപ്പം സേവനദാതാക്കളുടെ ആവശ്യം അനുസരിച്ച് സമഗ്രമായ ചാർജിങ് പരിഹാരങ്ങൾക്കായി സംയോജിത സംവിധാനങ്ങൾ വികസിപ്പിക്കുകയെന്നതാണ് ടെറ ടെക്കുമായുള്ള പങ്കാളിത്ത കരാറിലൂടെ ലക്ഷ്യമിടുന്നത്. ഡെലിവറി കമ്പനികളുടെ പ്രവർത്തന ചെലവ് കുറച്ച് പരിസ്ഥിതി സൗഹൃദപരമായ ഇലക്ട്രിക് വഹനങ്ങളിലേക്ക് മാറാൻ ഡെലിവറി മേഖലയെ പദ്ധതി ശക്തിപ്പെടുത്തും.
എമിറേറ്റിലെ 36 സ്ഥലങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലൂടെ കാർബൺ ബഹിർഗമനം 30 ശതമാനത്തോളം കുറക്കുകയെന്ന കൊമേഴ്സ്യൽ ആൻഡ് ലോജിസ്റ്റ്സ് ലാൻഡ് ട്രാൻസ്പോർട്ട് സ്ട്രാറ്റജി 2030ന്‍റെ ലക്ഷ്യങ്ങളോട് ചേർന്നു നിൽക്കുന്നതാണ് പുതിയ സംരംഭമെന്ന് ആർ.ടി.എയുടെ ലൈസൻസ് ഏജൻസി സി.ഇ.ഒ അഹമ്മദ് മെഹബൂബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.