ദീർഘകാലമായി സേവനം ചെയ്യുന്ന ജീവനക്കാരെ ദുബൈ പൊലീസ് ആദരിച്ചപ്പോൾ
ദുബൈ: ദീർഘകാലമായി സേവനം ചെയ്യുന്ന ജീവനക്കാരെ മക്കളുടെ സാന്നിധ്യത്തിൽ ആദരിച്ച് ദുബൈ പൊലീസ്. ‘എന്റെ പിതാവ്, എന്റെ റോൾ മോഡൽ’ പദ്ധതിയുടെ ഭാഗമായാണ് ആദരവ് ഒരുക്കിയത്. യു.എ.ഇയുടെ സാമൂഹിക വർഷാചരണത്തിന്റെ ഭാഗമായി കൂടിയാണ് ആദരവ് സംഘടിപ്പിച്ചത്. പൊലീസ് ജുഡീഷ്യറി കൗൺസിൽ ഡയറക്ടർ ജനറൽ മേജർ ജനറൽ അഹമ്മദ് അബ്ദുല്ല ഷീൽ നേതൃത്വം നൽകിയ പരിപാടിയിൽ, 40 വർഷത്തിലേറെയായി അച്ചടക്കവും പ്രതിബദ്ധതയും പുലർത്തി സേവനമനുഷ്ഠിച്ച പൊലീസ് ജീവനക്കാരെയാണ് ആദരിച്ചത്.
പ്രോസിക്യൂഷൻ അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രി. ഡോ. സഈദ് അബ്ദുല്ല അൽ മസ്ലൂം, ഡിസിപ്ലിനറി ബോർഡ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഡോ. ആദിൽ അലി അൽ സുമൈതി, ഹിമായ സ്കൂൾസ് ഓഫിസ് ഡയറക്ടർ ലഫ്. കേണൽ അബ്ദുല്ല സാലിം റാശിദ് അൽ സുവൈദി, ഡിസിപ്ലിനറി ബോർഡസ് അംഗം ലഫ്. കേണൽ നൂറ മുഹമ്മദ് ഹസ്സൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഹിമായ സ്കൂൾ ഫോർ ബോയ്സ് ആൻഡ് ഗേൾസിലെ വിദ്യാർഥികളായ ജീവനക്കാരുടെ മക്കളുടെ സാന്നിധ്യത്തിലാണ് പരിപാടി നടന്നത്. ജീവനക്കാരുടെ സേവനത്തിന് മാത്രമല്ല, സഹപ്രവർത്തകർക്കും കുടുംബങ്ങൾക്കും വിശാലമായ സമൂഹത്തിനും മാതൃകയായി സേവനമനുഷ്ഠിച്ചതിന് കൂടിയാണ് ആദരവെന്ന് അധികൃതർ വ്യക്തമാക്കി.
കുടുംബത്തിലെ വഴികാട്ടിയെന്ന നിലയിൽ പിതാവിന്റെ പങ്കിനെ ഈ അംഗീകാരം അടിവരയിടുന്നതായും ഉത്തരവാദിത്തമുള്ള, മൂല്യാധിഷ്ഠിത തലമുറകളെ വളർത്തുന്നതിൽ ശക്തമായ ഒരു റോൾ മോഡലിന് ആഴത്തിലുള്ള സ്വാധീനമുണ്ടെന്നും മേജർ ജനറൽ അഹമ്മദ് അബ്ദുല്ല ഷീൽ പറഞു. ദീർഘകാല കരിയറിലുടനീളം അച്ചടക്കത്തിന്റെ ഉയർന്ന നിലവാരം ഉയർത്തിപ്പിടിച്ച, കുട്ടികളെ മാത്രമല്ല, മുഴുവൻ സ്ഥാപനത്തെയും പ്രചോദിപ്പിച്ച ഈ മാതൃകാപരമായ വ്യക്തികളിൽ വളരെയധികം അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.