ഗിന്നസ് വേൾഡ് റെക്കോഡുമായി ദുബൈ പൊലീസ് അംഗങ്ങൾ
ദുബൈ: ലോകത്തെ ഏറ്റവും വേഗം കൂടിയ ഡ്രോൺ വികസിപ്പിച്ച ദുബൈ പൊലീസിന് ഗിന്നസ് ലോക റെക്കോഡ്. ദുബൈ പൊലീസിന്റെ അൺമാൻഡ് ഏരിയൽ സിസ്റ്റംസ് സെന്ററിൽ വികസിപ്പിച്ച പെരിഗ്രീൻ 3 ഡ്രോണിന് മണിക്കൂറിൽ 580 കിലോമീറ്റർ വേഗത്തിൽ പറക്കാനാകും.
ലൂക്ക് ബെൽ, മൈക്ക് ബെൽ എന്നീ കമ്പനികളുമായി കൈകോർത്താണ് ഏറ്റവും നൂതനമായ ഡ്രോൺ വികസിപ്പിച്ചത്. ദക്ഷിണാഫ്രിക്കയിലെ കേപ്പിൽനിന്നുള്ള പിതാവും മകനും വികസിപ്പിച്ച പെരിഗ്രീൻ 2 ആണ് ഇതിന് മുമ്പ് ഏറ്റവും വേഗമുള്ള ആളില്ലാ ഡ്രോൺ. ഇതിന് മണിക്കൂറിൽ 480.23 കിലോമീറ്ററാണ് വേഗം. 510 കിലോമീറ്റർ പരമാവധി വേഗം കൈവരിക്കാൻ കഴിയുന്ന ഡ്രോണിന് 2024 ജൂണിൽ ലോക റെക്കോഡ് നൽകിയിരുന്നു.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന, റിമോർട്ട് കൺട്രോളിൽ നിയന്ത്രിക്കാവുന്ന പെരിഗ്രീൻ 3യുടെ പരീക്ഷണം കഴിഞ്ഞ ദിവസം ദുബൈയിലെ അൽ ഖുദ്റയിൽ ദുബൈ പൊലീസ് നടത്തിയിരുന്നു. ഇത് കണക്കിലെടുത്താണ് ഇതിന് ഗിന്നസ് റെക്കോഡ് സമ്മാനിച്ചത്. റെക്കോഡ് ഉറപ്പാക്കാൻ, കാറ്റിന്റെ ഗതി മറികടക്കാനായി ഡ്രോൺ എതിർദിശകളിലേക്ക് രണ്ടുതവണ പറക്കൽ നടത്തിയശേഷമാണ് റെക്കോഡ് ഉറപ്പിച്ചത്.
നഗരത്തിലെ സുരക്ഷ വർധിപ്പിക്കുന്നതിനും ധ്രുത പ്രതികരണ സംവിധാനങ്ങളെ പിന്തുണക്കുന്നതിനും ഫീൽഡ് പരിശോധന മെച്ചപ്പെടുത്തുന്നതിനും ഡ്രോണുകളും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഈ നേട്ടത്തെ കാണുന്നതെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.