ദുബൈ: എമിറേറ്റിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി റമദാൻ ആരംഭിച്ച ശേഷം 25 യാചകർ പിടിയിലായി. വിവിധ സ്റ്റേഷനുകളുമായി സഹകരിച്ച് ദുബൈ പൊലീസിലെ കുറ്റാന്വേഷണ വിഭാഗമാണ് ഇവരെ പിടികൂടിയത്. വ്രതമാസത്തിൽ യാചകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി ആരംഭിച്ച ‘ഭിക്ഷാടനം അനുകമ്പയുടെ തെറ്റായ ആശയമാണ്’ എന്ന തലക്കെട്ടിലെ കാമ്പയിന്‍റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. മാർച്ച് 23 മുതൽ 27വരെ റമദാനിലെ ആദ്യ അഞ്ചുദിവസങ്ങളിലാണ് ഇത്രയും പേർ പിടിയിലായത്.
ഭിക്ഷാടനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്‍റെ ഗുണഫലങ്ങൾ കാണുന്നുണ്ടെന്നും ഈ വർഷം ഇത്തരക്കാരുടെ സാന്നിധ്യം വളരെ കുറഞ്ഞതായും ദുബൈ പൊലീസ് മേജർ ജനറൽ സലീം അൽ ജല്ലാഫ് പറഞ്ഞു. ഈ വർഷം അറസ്റ്റിലായവരിൽ 13 പേർ സ്ത്രീകളും 12 പേർ പുരുഷന്മാരുമാണെന്നും ശക്തമായ നടപടി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റമദാനിൽ യാചനക്കെതിരെ രാജ്യത്താകമാനം ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി വിവിധ എമിറേറ്റുകളിലെ പൊലീസ് സേനകൾ നേരത്തെ രംഗത്തുവന്നിരുന്നു. യാചനയിലൂടെ വലിയ തുക തന്നെ വ്യക്തികളും ഗ്രൂപ്പുകളും ശേഖരിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്. യാചകർക്ക് പണമോ സഹായമോ ചെയ്യരുതെന്ന് താമസക്കാരോടും പൊലീസ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാറിൽ രജിസ്റ്റർ ചെയ്ത സംവിധാനങ്ങൾ വഴി മാത്രമായിരിക്കണം സംഭാവനകൾ നൽകേണ്ടതെന്നും നിർദേശിച്ചിട്ടുണ്ട്.
യാചന നിയമപരമായി കുറ്റകൃത്യമായതിനാൽ ഒരുതരത്തിലും താമസക്കാർ ഇവരോട് ഇടപെടരുതെന്നും അധികൃതർ നിർദേശിച്ചു. കഴിഞ്ഞ വർഷം റമദാനിൽ 382 യാചകരും 222 വഴിയോര കച്ചവടക്കാരും ഉൾപ്പെടെ 604 പേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 901 എന്ന കോൾ സെന്‍റർ വഴിയും ‘പൊലീസ് ഐ’ സേവനം വഴിയും ഇതുസംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നുണ്ട്. ദുബൈ പൊലീസ്, ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌ടിവിറ്റീസ് ഡിപ്പാർട്മെൻറ്, ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, ദുബൈ മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ചാണ് ഇത്തവണ ഭിക്ഷാടനത്തിനെതിരെ കാമ്പയിൻ നടത്തുന്നത്. ഷാർജയിലും അജ്മാനിലും പൊലീസ് വകുപ്പുകൾ റമദാന് മുന്നോടിയായി കർശന നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.