ദുബൈ: കുറ്റാന്വേഷണരംഗത്ത് ലോകോത്തര നിലവാരത്തിലേക്കുയർന്ന ദുബൈ പൊലീസ് യൂറോപ്യൻ പൊലീസ് ഏജൻസിയായ 'യൂറോ പോളു'മായി സഹകരിക്കുന്നത് സംബന്ധിച്ച് ചർച്ച. യൂറോപോൾ എക്സിക്യൂട്ടിവ് ഡയറക്ടർ കാതറീൻ ഡി ബോലെ നയിക്കുന്ന സംഘത്തിന്റെ ദുബൈ സന്ദർശനത്തോടനുബന്ധിച്ചാണ് പരസ്പര സഹായത്തിനും സഹകരണത്തിനും ധാരണയായത്. ദുബൈ പൊലീസ് ഓഫിസേഴ്സ് ക്ലബിൽ നടന്ന കൂടിക്കാഴ്ചയിൽ ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി യൂറോപ്യൻ സംഘത്തെ സ്വീകരിച്ചു.
പരിശീലനം നൽകുന്നതിലും കുറ്റകൃത്യങ്ങൾ തടയുന്നതിലും ഇരു സുരക്ഷാസംവിധാനങ്ങളും തമ്മിൽ സഹകരിക്കുന്നതിന് മാർഗങ്ങൾ യോഗം ചർച്ച ചെയ്തു. വിവിധ അന്താരാഷ്ട്ര സംവിധാനങ്ങളുമായി ദുബൈ പൊലീസ് നടത്തുന്ന സഹകരണത്തെ കുറിച്ചും യോഗം വിലയിരുത്തി. കഴിഞ്ഞ മാർച്ചിൽ ദുബൈ പൊലീസ് ആതിഥേയത്വം വഹിച്ച ലോക പൊലീസ് ഉച്ചകോടിയുടെ ഫലങ്ങളെക്കുറിച്ചും 2023ലെ അടുത്ത ഉച്ചകോടിയുടെ ക്രമീകരണങ്ങളെ പറ്റിയും പ്രതിനിധികൾ ചർച്ചയിൽ വിവിധ അഭിപ്രായങ്ങൾ പങ്കുവെച്ചു.
സന്ദർശനത്തിന് നന്ദിയറിയിച്ച് കാതറീൻ ഡി ബോലെക്ക് യോഗ ശേഷം ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി ഉപഹാരം കൈമാറി. ദുബൈ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടർ മേജർ ജനറൽ ജമാൽ അൽ ജല്ലാഫ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
നിരവധി അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ദുബൈ പൊലീസ് നിരവധി കുറ്റവാളികളെ പിടികൂടുന്നതിന് സഹായിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യത്തുനിന്ന് രക്ഷപ്പെട്ട് ദുബൈയിലെത്തിയ ഫ്രഞ്ച് മയക്കുമരുന്ന് തലവനെയും യു.കെ പൗരനായ സാമ്പത്തിക തട്ടിപ്പുകാരനെയും ദക്ഷിണാഫ്രിക്ക അന്വേഷിക്കുന്ന സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതികളെയും സമീപകാലത്ത് പൊലീസ് പിടികൂടിയിരുന്നു. ഇതെല്ലാം ദുബൈ പൊലീസിനെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിന് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.