ദുബൈ: ഓരോ വ്യക്തിയും ഉൽപാദിപ്പിക്കുന്ന മാലിന്യത്തിന്റെ അളവ് കുറക്കാനായി പദ്ധതി ആവിഷ്കരിച്ച് ദുബൈ മുനിസിപ്പാലിറ്റി. ‘സർക്കിൾ ദുബൈ’ എന്ന പദ്ധതിയിലൂടെ ആളോഹരി ദൈനംദിന മാലിന്യം 2.2 കി.ഗ്രാമിൽ നിന്ന് 1.76 കി.ഗ്രാമിലേക്ക് കുറക്കാനാണ് ലക്ഷ്യമിടുന്നത്. നഗരത്തിലുടനീളം സംഘടിപ്പിക്കുന്ന കാമ്പയിനിലൂടെ പാരിസ്ഥിതിക അവബോധം വളർത്തുകയും സുസ്ഥിരമായ മാലിന്യ സംസ്കരണത്തിലൂടെ ചാക്രിക സമ്പദ്ഘടനയിലേക്കുള്ള പരിവർത്തനം വേഗത്തിലാക്കുകയുമാണ് അധികൃതർ ലക്ഷ്യമിടുന്നത്.
ഏറ്റവും മനോഹരമായ നഗരമായിരിക്കുമ്പോൾ തന്നെ, ലോകത്തെ ഏറ്റവും ഉയർന്ന പ്രതിശീർഷ മാലിന്യ ഉൽപാദനം രേഖപ്പെടുത്തുന്ന നഗരങ്ങളിലൊന്നായ സാഹചര്യത്തിലാണ് മാലിന്യത്തിന്റെ അളവ് കുറക്കാനുള്ള പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്. ദിവസവും നഗരത്തിൽ 13,000 ടൺ മാലിന്യം ഉൽപാദിപ്പിക്കുന്നതായാണ് കണക്കാക്കുന്നത്. മാലിന്യം കുറക്കുന്നതിനൊപ്പം പുനരുൽപാദനത്തിന്റെ അളവ് വർധിപ്പിക്കാനും സമൂഹത്തിന്റെ പങ്കാളിത്തം ഇക്കാര്യത്തിൽ ഉറപ്പുവരുത്താനുമാണ് ‘സർക്കിൾ ദുബൈ’യിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി സ്മാർട്ട് റീസൈക്ലിങ് ബിന്നുകളുടെ എണ്ണം പൊതു, താമസ കേന്ദ്രങ്ങളിൽ വർധിപ്പിക്കും. മാലിന്യങ്ങൾ വേർതിരിക്കുന്നത് സ്രോതസ്സുകളിൽനിന്ന് തന്നെയായി ഉറപ്പുവരുത്താൻ സ്ഥാപനങ്ങൾക്ക് കണ്ടെയ്നറുകളും നൽകും. സുസ്ഥിരത, നൂതനത്വം, സാമൂഹികമായ പാരിസ്ഥിതിക പ്രവർത്തനങ്ങൾ എന്നിവ വർധിപ്പിച്ചുകൊണ്ട് ദുബൈയെ ചാക്രിക സമ്പദ്ഘടനാരംഗത്ത് നേതൃത്വത്തിലേക്ക് വളർത്തുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
ദുബൈ അർബൻ പ്ലാൻ 2040, ദുബൈ ഇക്കണോമിക് അജണ്ട (ഡി33) എന്നിവക്ക് അനുസരിച്ച് 2041 ആകുമ്പോഴേക്കും മാലിന്യം 18 ശതമാനം കുറക്കുകയും മാലിന്യകേന്ദ്രങ്ങളിൽ നിന്ന് ഖരമാലിന്യങ്ങൾ 100 ശതമാനം വഴിതിരിച്ചുവിടുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ദുബൈ മുനിസിപ്പാലിറ്റിയിലെ വേസ്റ്റ് സ്ട്രാറ്റജി ആൻഡ് പ്രോജക്ട് മാനേജ്മെന്റ് ഡയറക്ടർ എൻജി. മുഹമ്മദ് അൽ റായീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.