ദുബൈ: 2030 ആകുമ്പോഴേക്കും ദുബൈയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികളുടെ എണ്ണം 40 ശതമാനത്തിലധികം വർധിച്ചേക്കും. നിലവിലെ ശക്തമായ വളർച്ച അടിസ്ഥാനമാക്കിയാണ് വൻ മുന്നേറ്റം പ്രവചിക്കുന്നത്. ടീകോം ഗ്രൂപ്പിന്റെ വിദ്യാഭ്യാസ ക്ലസ്റ്ററായ ദുബൈ ഇന്റർനാഷണൽ അക്കാദമിക് സിറ്റിയും ദുബൈ നോളജ് പാർക്കും ചേർന്ന് പുറത്തിറക്കിയ പുതിയ ധവളപത്രത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ഉന്നത പഠനത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര വിദ്യാഭ്യാസ നേതാക്കൾ ഒത്തുചേരുന്ന ബ്രിട്ടീഷ് കൗൺസിലിന്റെ ഗോയിങ് ഗ്ലോബൽ കോൺഫറൻസിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിഭകൾക്കും നവീകരണത്തിനുമുള്ള ഒരു ആഗോള കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുന്നത് സർവകലാശാലകൾക്കും സ്ഥാപനങ്ങൾക്കും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതാണ്.
സമീപകാല പഠനമനുസരിച്ച് ദുബൈയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2024–25 അധ്യയന വർഷത്തിൽ 42,000ത്തിലധികം വിദ്യാർഥികൾ ചേർന്നിട്ടുണ്ട്. 2029–30 ആകുമ്പോഴേക്കും ഇത് കുത്തനെ ഉയർന്ന് പ്രവേശനം 40 ശതമാനത്തിലധികം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ നഗരത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം 37 ശതമാനം വർധിച്ചത് അന്താരാഷ്ട്ര വിദ്യാർഥികൾക്കിടയിൽ സ്വീകാര്യത വർധിച്ചതിനെ പ്രതിഫലിപ്പിക്കുന്നതാണ്.
2025 സെപ്റ്റംബറിൽ ദുബൈ ഇന്റർനാഷണൽ അക്കാദമിക് സിറ്റിയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ്(ഐഐ.എം.എ) ആദ്യത്തെ വിദേശ കാമ്പസ് തുറന്നിരുന്നു. ഇതടക്കം വിവിധ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളാണ് ദുബൈയിൽ എത്തിച്ചേരുന്നത്. ദുബൈയിലെ കരിയർ അധിഷ്ഠിത കോഴ്സുകളും ശക്തമായ വ്യവസായ ബന്ധങ്ങളും വിദ്യാർഥികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. 73 ശതമാനം വിദ്യാർഥികളും ദുബൈ തിരഞ്ഞെടുക്കുന്നത് ജോലി അവസരങ്ങളും ബിരുദത്തിന് ശേഷം നഗരത്തിൽ താമസിക്കാനും ജോലി ചെയ്യാനും ലക്ഷ്യമിട്ടാണെന്നും പഠനങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.