ദുബൈ: എമിറേറ്റിലെ പ്രധാന വ്യാപാര-വാണിജ്യ മേളകൾക്കും ബിസിനസ് ഇവന്റുകൾക്കും വേദിയാകുന്ന ദുബൈ എക്സിബിഷൻ സെന്ററിന്റെ ആദ്യ ഘട്ട വികസനം അന്തിമ ഘട്ടത്തിലെത്തിയതായി ദുബൈ വേൾഡ് ട്രേഡ് സെന്റർ (ഡി.ഡബ്ല്യൂ.ടി.സി) അധികൃതർ അറിയിച്ചു. 64,000 ചതുശ്ര മീറ്റർ വിസ്തൃതിയിൽ സ്ഥിരം പ്രദർശന ഹാളുകൾ, 30,000 ചതുരശ്ര മീറ്ററിൽ ഫ്ലക്സിബ്ൾ പവലിയനുകൾ എന്നിവ ഉൾപ്പെടെ 1.4 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് കേന്ദ്രം വികസിപ്പിക്കുന്നത്. ആദ്യ ഘട്ടം പൂർത്തിയാകുന്നതോടെ അടുത്ത വർഷം തുടക്കത്തിൽ പ്രധാന അന്താരാഷ്ട്ര പ്രദർശനങ്ങൾക്ക് ദുബൈ എക്സിബിഷൻ സെന്റർ വേദിയാകുമെന്ന് ഡി.ഡബ്ല്യൂ.ടി.സി അധികൃതർ വെളിപ്പെടുത്തി. രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾകൂടി പൂർത്തിയാകുന്നതോടെ പ്രതിദിനം 50,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടാകും. 2031ഓടെ ദുബൈ എക്സിബിഷൻ സെന്ററിനെ മേഖലയിലെ ഏറ്റവും വലിയ ഇൻഡോർ എക്സിബിഷൻ വേദിയാക്കി മാറ്റുകയാണ് ലക്ഷ്യം.
2026ലെ ഗൾഫുഡ് ഗ്ലോബൽ, വേൾഡ് ഹെൽത്ത് എക്സ്പോ എന്നിവയായിരിക്കും വിപുലീകരണത്തിന് ശേഷം ദുബൈ എക്സിബിഷൻ സെന്ററിൽ നടക്കുന്ന ആദ്യ പ്രദർശനം. പ്രധാന ഹാളുകളിലേക്കും സെൻട്രൽ പ്ലാസയിലേക്കും നേരിട്ട് ബന്ധിപ്പിക്കുന്ന താൽക്കാലിക പവലിയനുകളും ഉണ്ടാകും. അതിൽ ഔട്ട്ഡോർ ടെറസുകളും ആക്ടിവേഷൻ മേഖലകളും ലഭ്യമാകും. വലിയ പരിപാടികൾ ഒരേസമയം സംഘടിപ്പിക്കുന്നതിന് ആവശ്യമായ വിപുലീകരണം അനുവദിച്ച് സന്ദർശകരുടെ ഒഴുക്കും അനുഭവവും വർധിപ്പിക്കുന്നതിനാണ് പുതിയ സജ്ജീകരണം രൂപകൽപന ചെയ്തത്.
എക്സ്പോ 2020 മെട്രോ സ്റ്റേഷൻ, എക്സ്പോ സിറ്റിയിലെ അൽ വസൽ എന്നിവയുമായി കാൽനട പാതകളുമായി ഡി.ഇ.സിയെ ബന്ധിപ്പിക്കും. ഇത് സന്ദർശകർക്ക് മെട്രോയിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാക്കും. കൂടാതെ 50ലധികം ട്രക്കുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, ഓട്ടോണമസ് സ്മാർട്ട് മിനി മാർക്കറ്റ്, പ്രീമിയം എഫ് ആൻഡ് ബി ലോഞ്ചുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. 2026ലെ പ്രധാന ഇവന്റുകൾക്കുശേഷം ഡി.ഇ.സിയുടെ രണ്ടാം ഘട്ട വികസനം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.