റാസൽഖൈമ: എമിറേറ്റിലെ പ്രധാന റോഡിൽ പരമാവധി വേഗ പരിധി 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറച്ചു. റോഡ് സുരക്ഷ വർധിപ്പിക്കാനും അപകടങ്ങൾ കുറക്കാനും ലക്ഷ്യമിട്ടാണ് പുതിയ നിയന്ത്രണം. അപ്ലൈഡ് ടെക്നോളജി സ്കൂളുകൾ മുതൽ അൽ ഖറാൻ റൗണ്ട് എബൗട്ട് വരെ നീളുന്ന ശൈഖ് സഖർ ബിൻ മുഹമ്മദ് സ്ട്രീറ്റിൽ (ഇ18) പരമാവധി വേഗപരിധി 100ൽ 80 കിലോമീറ്ററായി കുറച്ചതായി റാസൽഖൈമ പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു. ജനുവരി മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരും. എമിറേറ്റിലെ ഏറ്റവും പ്രധാന റോഡാണ് ഇ18. റാസൽഖൈമയെ മറ്റ് എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന ഈ റോഡിൽ പ്രതിദിനം വലിയ രീതിയിലുള്ള ഗതാഗത നീക്കങ്ങളാണ് നടക്കുന്നത്. നിരവധി താമസ, വാണിജ്യ മേഖലകളിലൂടെയാണ് ഇത് കടന്നുപോകുന്നത്. കാൽനടക്കാർ, മോട്ടോറിസ്റ്റുകൾ എന്നിവരുടെ സുരക്ഷ ഉറപ്പുവരുത്താൻ ഈ മേഖലകളിലെ വേഗപരിധി നിയന്ത്രണം സഹായകമാവുമെന്നും അധികൃതർ അറിയിച്ചു. സുരക്ഷ പരിശോധനയുടെയും വാഹനങ്ങളുടെ സാന്ദ്രതയുടെയും അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. തിരക്കേറിയ ഇടനാഴികളിൽ വേഗ പരിധി കുറക്കുന്നത് ഗുരുതരമായ റോഡപകടങ്ങൾ കുറക്കുന്നതിന് കാര്യക്ഷമമാണെന്നാണ് വിലയിരുത്തൽ.
എല്ലാ വാഹനയാത്രക്കാരും പുതിയ നിയന്ത്രണവുമായി സഹകരിക്കണമെന്ന് റാസൽഖൈമ പൊലീസിന്റെ സെൻട്രൽ ഓപറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അഹ്മദ് അൽ സാം അൽ നഖ്ബി അഭ്യർഥിച്ചു. പുതിയ ക്രമീകരണങ്ങളുടെ ഭാഗമായി സ്പീഡ് കാമറകളിലും മാറ്റം വരുത്തും.
പുതുക്കിയ വേഗപരിധി അനുസരിച്ച് വാഹനങ്ങളുടെ വേഗത ക്രമീകരിക്കണമെന്നും അല്ലാത്ത പക്ഷം പിഴ ഈടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.