ദുബൈ: പുതുവർഷത്തിന് മുന്നോടിയായി വിരുന്നെത്തുന്ന ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങി ദുബൈ നഗരം. ഈ വർഷം താമസക്കാരെയും സന്ദർശകരെയും കാത്തിരിക്കുന്നത് കൂടുതൽ തിളക്കമാർന്ന ക്രിസ്മസ് ആഘോഷങ്ങൾ. ക്രിസ്മസ് രാവിൽ ഡ്രോൺ ഷോകളും കരിമരുന്ന് പ്രയോഗങ്ങളും കൊണ്ട് നഗരത്തിന്റെ ആകാശങ്ങൾ കൂടുതൽ വർണശബളമാകും. ഇത്തവണ കൂടുതൽ ഇടങ്ങളിൽ കരിമരുന്ന് പ്രയോഗങ്ങളും ഡ്രോൺ ഷോകളും അരങ്ങേറും. മർസാ ബോളിവാഡിൽ ജനുവരി 11 വരെ എല്ലാ രാത്രികളിലും 8.30ന് വെടിക്കെട്ട് പ്രദർശനമുണ്ടാകും. ദുബൈ ക്രീക്കിന് സമീപം ഫെസ്റ്റിവൽ സിറ്റിയുടെ വലതു ഭാഗത്തായിരിക്കും വെടിക്കെട്ട് അരങ്ങേറുക. ജലാശയത്തിന് മുകളിൽ ആകാശത്ത് വർണവിസ്മയങ്ങൾ തീർക്കുന്ന കരിമരുന്ന് പ്രയോഗങ്ങൾ തൊട്ടടുത്തുള്ള കഫേകളിലും റസ്റ്റാറന്റുകളിലും ഇരുന്ന് ആസ്വദിക്കാവുന്ന രീതിയിലാണ് ആസൂത്രണം ചെയ്യുന്നത്.
ദുബൈ ഫെസ്റ്റിവൽ സിറ്റി മാളിൽ 38 ദിവസങ്ങളിലും വെടിക്കെട്ടുണ്ടാകും. രാത്രി 8.30നായിരിക്കും പ്രകടനം. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ഡിസംബർ ആറു മുതൽ ആരംഭിച്ച ഡ്രോൺ ഷോ ജനുവരി 12 വരെ നീണ്ടു നിൽക്കും. 1000 ഡ്രോണുകളാണ് ആകാശത്ത് വിസ്മയങ്ങൾ സൃഷ്ടിക്കുക. ബ്ലൂ വാട്ടേഴ്സ്, ബീച്ച്, ജെ.ബി.ആർ എന്നിവിടങ്ങളിലായി രാത്രി എട്ട് മണി മുതൽ 10 വരെ എല്ലാ ദിവസങ്ങളിലും ഡ്രോൺ ഷോ അരങ്ങേറും. വ്യത്യസ്ത രീതിയിലായിരിക്കും ഡ്രോൺ പ്രകടനം.
ഡിസംബർ 26ന് ഡി.എസ്.എഫിന്റെ 30ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രത്യേക ദൃശ്യവിസ്മയമൊരുക്കിയാകും ഡ്രോൺ ഷോ അരങ്ങേറുക. രണ്ടാമത്തെ ഷോ ഡിസംബർ 27നാണ്. പൈതൃകവും ആധുനികതയും സമന്വയിപ്പിച്ച് ദുബൈയിലെ പ്രമുഖ ലാൻഡ്മാർക്കുകളുടെ ദൃശ്യങ്ങളിലൂടെ ഡ്രോണുകൾ കഥ പറയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.