ദുബൈ: കൂടുതൽ സ്വയം നിയന്ത്രണ ഫീച്ചറുകളുമായി പുതിയ മോഡൽ ടെസ്ല കാറുകൾ അടുത്ത വർഷം തുടക്കത്തിൽ യു.എ.ഇയിൽ അവതരിപ്പിക്കുമെന്ന് പ്രമുഖ ടെക് ഭീമൻ ഇലോൺ മസ്ക്. സമൂഹ മാധ്യമത്തിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ സാങ്കേതിക വിദ്യ വൈകാതെ യു.എ.ഇയിൽ അവതരിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ടെസ്ല മേധാവി പറഞ്ഞു. ഇതിന് പിന്നാലെ ടെസ്ലയുടെ ഓഹരി വില കുതിച്ചുയരുകയും ചെയ്തു. അതേസമയം, പൂർണമായും സ്വയം നിയന്ത്രണ സംവിധാനമായിരിക്കില്ല ടെസ്ല യു.എ.ഇയിൽ അവതരിപ്പിക്കുക. സ്റ്റിയറിങ്, ബ്രേക്കിങ്, ലൈൻ മാറ്റം, പാർക്കിങ് തുടങ്ങിയ ജോലികൾ എളുപ്പമാക്കാൻ കഴിയുന്ന നൂതനമായ സാങ്കേതികവിദ്യകളായിരിക്കും പുതിയ മോഡൽ കാറുകളിൽ അവതരിപ്പിക്കുക. അതുകൊണ്ടുതന്നെ മുഴുവൻ സമയവും ഡ്രൈവർമാർ ജാഗ്രത പുലർത്തേണ്ടി വരും. ആവശ്യമായ സമയത്ത് വാഹന നിയന്ത്രണം ഡ്രൈവർമാർ ഏറ്റെടുക്കണം.
എഫ്.എസ്.ഡി എന്ന പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നതിലൂടെ യു.എ.ഇയിലെ ടെസ്ല വാഹനങ്ങൾക്ക് ഡ്രൈവറുടെ മേൽനോട്ടത്തിൽ ഹൈവേ ഡ്രൈവിങ്, നഗര നാവിഗേഷൻ, പാർക്കിങ് എന്നിവയിൽ സഹായിക്കാൻ കഴിയും. ഗതാഗതക്കുരുക്ക് സാധാരണമായ ദുബൈ, അബൂദബി തുടങ്ങിയ നഗരങ്ങളിലെ ദൈനംദിന യാത്രക്ക് ഇത് സഹായകമാവും. അതേസമയം, പുതിയ സാങ്കേതിക വിദ്യയുടെ ലോഞ്ചിങ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ബന്ധപ്പെട്ട അതോറിറ്റികളിൽ നിന്നുള്ള അംഗീകാരം ലഭിച്ച ശേഷമാവും പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കുകയെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.