അബൂദബി: യു.എ.ഇയില്‍ നവജാത ശിശുക്കളുടെ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകള്‍ ശരിയാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതൽ ലളിതവും രക്ഷാകർതൃത്വ സൗഹൃദവുമാക്കി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി).
മാതാപിതാക്കള്‍ക്ക് ഓഫിസുകള്‍ കയറിയിറങ്ങാതെയും സമ്മര്‍ദമില്ലാതെയും കുഞ്ഞിന്‍റെ രേഖകള്‍ ഡിജിറ്റൽ സംവിധാനം വഴി സ്വന്തമാക്കാം. രാജ്യത്തെ നൂറിലധികം ആശുപത്രികളുമായും ക്ലിനിക്കുകളുമായും സഹകരിച്ചാണ് ഈ സംവിധാനം തയാറാക്കിയിരിക്കുന്നത്.
പ്രധാനമായും രണ്ട് രീതികളിലൂടെയാണ് ഈ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കുക. കുഞ്ഞ് ജനിച്ച ശേഷം മാതാപിതാക്കൾക്ക് ആശുപത്രിയിൽ നിന്നുതന്നെ രേഖകൾക്കായുള്ള നടപടികൾ പൂർത്തീകരിക്കാൻ കഴിയുന്നതാണ് ആദ്യ ഓപ്ഷൻ. കുഞ്ഞിന്‍റെ പേരും ഫോട്ടോയും ആശുപത്രി അധികൃതർ രേഖപ്പെടുത്തും.
ബാക്കിയുള്ള നടപടികൾ അതോറിറ്റിയുടെ സ്മാർട്ട് സംവിധാനത്തിന്‍റെ സഹകരണത്തോടെ ‘മബ്റൂക് മാ യാഖ് പാക്കേജ്’ വഴി പൂർത്തീകരിക്കാം. ഓഫിസ് സന്ദർശനവും ദീർഘമായ നടപടികളും ഇല്ലാതെ തന്നെ കുഞ്ഞിന്‍റെ പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റ്, യു.എ.ഇ ഐഡി കാർഡ് എന്നിവ ഉൾപ്പെടെയുള്ള രേഖകൾ ഇതിൽ ലഭ്യമാകും.
യു.എ.ഇ ഐ.സി.പി സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയോ നടപടികൾ പൂർത്തീകരിക്കുന്നതാണ് രണ്ടാമത്തെ ഓപ്ഷൻ. രക്ഷിതാക്കൾ കുടുംബത്തിന്‍റെ പ്രൊഫൈലിൽ ലോഗിൻ ചെയ്തശേഷം ‘ആഡ് ന്യൂബോൺ’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കണം. ശേഷം ആവശ്യമായ വിവരങ്ങളും ജനനസർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം. നൽകിയ വിവരങ്ങൾ പരിശോധിച്ച ശേഷം അപേക്ഷ സൗജന്യമായി സമർപ്പിക്കാം. ഇതേ പ്ലാറ്റ്ഫോം ഉപയോഗിച്ച് കുഞ്ഞിന്‍റെ പാസ്പോർട്ട്, യു.എ.ഇ ഐ.ഡി കാർഡ് എന്നിവക്കായുള്ള എല്ലാ നടപടികളും വീട്ടിൽ നിന്നുതന്നെ പൂർത്തിയാക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.