ദുബൈ: ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും കായിക വിനോദങ്ങളെ ടൂറിസം അനുഭവങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ‘ദുബൈ സൈക്ലിങ് പാസ്’ എന്ന പദ്ധതിക്ക് തുടക്കമായി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ആണ് ‘എയർപോർട്ടിൽ നിന്ന് ട്രാക്കിലേക്ക്’ എന്ന പേരിൽ പദ്ധതി ആരംഭിച്ചത്. ദുബൈ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം, ദുബൈ സ്പോർട്സ് കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ദുബൈയിലെ വിവിധ ഭാഗങ്ങളിലായി തെരഞ്ഞെടുത്ത ഒമ്പത് അംഗീകൃത സൈക്ലിങ് ട്രാക്കുകളിലൂടെ താമസക്കാർക്കും സന്ദർശകർക്കും സമഗ്രമായ കായിക-ടൂറിസം അനുഭവം നൽകുകയാണ് പദ്ധതി. നാദൽ ശിബ-മെയ്ദാൻ, മുഷ്രിഫ് പാർക്ക്, ജുമൈറ കോർണിഷ്, അൽ ഖുദ്റ/സൈഹ് അൽ സലാം, ദുബൈ മറീന, അൽ ഖവാനീജ്, ദുബൈ വാട്ടർ കനാൽ, മുഷ്രിഫ് മൗണ്ടൻ ബൈക്ക് ട്രാക്ക്, ഹട്ട മൗണ്ടൻ ബൈക്ക് ട്രാക്ക് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന സൈക്ലിങ് പാതകൾ. ഡിജിറ്റൽ സൈക്ലിങ് പാസ്പോർട്ടിലൂടെ ഓരോ ട്രാക്കും പൂർത്തിയാക്കുമ്പോൾ വെർച്വൽ സ്റ്റാമ്പുകൾ ലഭിക്കുന്ന സംവിധാനവും, പ്രഫഷനൽ സൈക്ലിസ്റ്റുകൾക്കായി ഫിസിക്കൽ പാസ്പോർട്ടും യഥാർത്ഥ സ്റ്റാമ്പുകളും പദ്ധതിയുടെ പ്രത്യേകതയാണ്.
പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം നാദൽ ശിബ സൈക്ലിങ് ട്രാക്കിൽ നടന്നു. ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, ദുബൈ ഗവ. മാനവവിഭവശേഷി ഡയറക്ടർ ജനറൽ അബ്ദുല്ല അലി ബിൻ സായിദ് അൽ ഫലാസി, യു.എ.ഇ സൈക്ലിങ് ഫെഡറേഷൻ ചെയർമാൻ എൻജിനീയർ മൻസൂർ ബുഐസബ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ജി.ഡി.ആർ.എഫ്.എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, വിവിധ സർക്കാർ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, കായിക-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.