അവശ്യ വസ്തുക്കളുടെ വിലവർധന: യു.എ.ഇയിൽ നിരീക്ഷണം ശക്തം

ദുബൈ: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ അവശ്യ വസ്തുക്കളുടെ വില അന്യായമായി വർധിപ്പിക്കുമെന്ന പേടി വേണ്ട. അനാവശ്യ വില വർധന തടയാൻ രാജ്യത്താകമാനമുള്ള കോഓപറേറ്റീവ് സ്ഥാപനങ്ങൾ, ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ ഉൾപ്പെടെ 627 പ്രധാന ഔട്ട്ലറ്റുകളിൽ യഥാസമയം വില നിരീക്ഷിക്കുന്നതിനുള്ള ഡിജിറ്റൽ സംവിധാനം സാമ്പത്തിക ടൂറിസം മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്.

ഏഴ് എമിറേറ്റുകളിലായി അവശ്യ വസ്തുക്കളുടെ ആഭ്യന്തര വ്യാപാരത്തിന്‍റെ 90 ശതമാനവും നടക്കുന്നത് ഈ ഔട്ട്ലറ്റുകളിലാണ്. മുൻനിര ചെറുകിട ഔട്ട്ലെറ്റുകളുമായി സംയോജിപ്പിച്ചിരിക്കുന്ന സാങ്കേതിക സംവിധാനത്തിലൂടെ വില യാന്ത്രികമായും തുടർച്ചയായും ട്രാക്ക് ചെയ്യാൻ സാധിക്കും. പുതിയ സംവിധാനത്തിലൂടെ സ്ഥാപനങ്ങൾ പുതുക്കിയ വിലകൾ ഇടക്കിടെ സമർപ്പിക്കും.

വിലയിൽ അസാധാരണമായ മാറ്റം വന്നാൽ പരിശോധന ടീം മുന്നറിയിപ്പ് നൽകുകയും ആവശ്യമെങ്കിൽ കൃത്യമായ ഇടപെടലുകൾ നടത്തുകയും ചെയ്യും. ഉപഭോക്താക്കളെ ബാധിക്കുന്നതിന് മുമ്പ് വിലയിലെ അന്യായമായ വർധനവും നിയമലംഘനവും കണ്ടെത്തുന്നതിനായാണ് സാങ്കേതികമായ ഈ ചട്ടക്കൂട് രൂപകൽപന ചെയ്തിരിക്കുന്നത്. ഫീൽഡ് പരിശോധനകളുടെയും നിയന്ത്രണ സംവിധാനങ്ങളുടെയും പിന്തുണയിൽ തുടർന്നയായുള്ള ഡാറ്റ ശേഖരണം അംഗീകൃത വിലനിലവാര നയങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സഹായകരമാണെന്ന് അധികൃതർ അറിയിച്ചു.

ഉപഭോക്തൃ സംരക്ഷണ നിയമത്തിനും അതിന്‍റെ എക്സിക്യൂട്ടീവ് ചട്ടങ്ങൾക്കും വിധേയമായി പ്രവർത്തിക്കുന്ന ഈ നിരീക്ഷണ ഘടന, വിലനിർണയ രീതി നിയന്ത്രിക്കുന്നതിനും കുത്തക രീതികൾ തടയുന്നതിനും ഉപഭോക്തൃ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനും സാധിക്കും. പാചക എണ്ണ, മുട്ട, പാലുൽപന്നങ്ങൾ, അരി, പഞ്ചസാര, കോഴി ഉൽപന്നങ്ങൾ, പയറുവർഗങ്ങൾ, ബ്രഡ്, ഗോതമ്പ് എന്നീ ഒമ്പത് ഉത്പന്നങ്ങളാണ് അവശ്യ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

മന്ത്രാലയത്തിന്‍റെ മുൻകൂർ അനുമതിയില്ലാതെ ഈ ഉത്പന്നങ്ങൾക്ക് വില വർധിപ്പിക്കാനാവില്ല. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 8001222 എന്ന ടോൾഫ്രീ നമ്പറിലോ info@moet.gov.ae എന്ന ഇ-മെയിൽ വിലാസത്തിലോ റിപോർട്ട് ചെയ്യാം.

Tags:    
News Summary - Price hike of essential commodities: Vigilance is tight in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.