ദുബൈ: സ്വന്തം പേരിൽ ആംഗ്യഭാഷാ ലിപി വികസിപ്പിച്ച് ഗവേഷകനായ മുഹമ്മദ് ഇഖ്ബാൽ. കേൾവി പരിമിതരുമായി ആശയവിനിമയം എളുപ്പമാക്കാൻ സഹായിക്കുന്നതും ഇത്തരക്കാർക്ക് ഖുർആൻ പഠനത്തിന് സഹായകരവുമാണ് ലിപി. ‘ഡെഫ് മുഹമ്മദ് ഇഖ്ബാൽ ആസാം’ എന്ന പേരിലാണ് 1,2,3 എന്നിങ്ങനെ മൂന്ന് തരം ലിപികൾ രൂപപ്പെടുത്തിയത്. അതോടൊപ്പം ആൻഡ്രോയ്ഡിലും ഐ.ഒ.എസിലും ആംഗ്യഭാഷാ കീബോർഡ് വികസിപ്പിക്കാനുള്ള പരിശ്രമത്തിലുമാണ് ഇദ്ദേഹം.
കേൾവി പരിമിതരുമായി സംസാരിക്കുവാൻ സാധാരണക്കാർക്കുള്ള പ്രയാസം ലഘൂകരിക്കാൻ ലിപി വളരെയേറെ സഹായകരമാകും. ഇഗ്ലീഷിലും അറബികിലുമുള്ള സന്ദേശങ്ങൾ ലിപി ഉപയോഗിച്ച് ആംഗ്യ ഭാഷയിലേക്ക് മാറ്റാനാകും. ഇതുവഴി മെസേജിലൂടെയും മറ്റുമുള്ള ആശയവിനിമയം എളുപ്പമാകും. ആദ്യമായാണ് കേൾവി പരിമിതർക്കായി ഇത്തരമൊരു ലിപി രൂപപ്പെടുത്തുന്നത്. നിലവിൽ ഐഫോണ്ട് ആപിക്കേഷൻ വഴി ഐഫോണിൽ ലിപികൾ ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കാനും സാധിക്കും.
ആസാം സ്വദേശിയായ ഇഖ്ബാൽ നേരത്തെ തന്നെ ഇത്തരം നൂതനമായ സംവിധാനങ്ങൾ വികസിപ്പിച്ച് ശ്രദ്ധേയനായ വ്യക്തിയാണ്. 22 ഭാഷകൾ സംസാരിക്കുന്ന ഇദ്ദേഹം കോഴിക്കോടാണ് നിലവിൽ താമസിക്കുന്നത്. ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിച്ച് ഗൾഫ് രാജ്യങ്ങളിൽ ഖുർആനുമായി ബന്ധപ്പെട്ട സമ്മേളനങ്ങളിലും മറ്റും ഗവേഷണ ഫലങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ ഖുർആൻ ആംഗ്യ ഭാഷയിൽ പഠിക്കാനായി പുസ്തകം തയ്യാറാക്കിയിരുന്നു. മലയാളത്തിന് പുറമെ, അറബി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ഉറുദു, ഹിന്ദി, ബംഗാളി, ആസാമി ഭാഷകളിലും പുസ്തകം പുറത്തിറക്കിയിരുന്നു. നേരത്തെ കാഴ്ച പരിമിതിയുള്ളവർക്ക് ബ്രെയ്ലി ഖുർആൻ പദ്ധതിയും ഇഖ്ബാൽ നടപ്പിലാക്കിയിരുന്നു. സ്വകാര്യ ചാനലിൽ പ്രോഗ്രാം പ്രൊഡൂസറായും പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.