ദുബൈ കസ്റ്റംസിന്‍റെ അത്യാധുനിക വാഹനങ്ങളിലൊന്ന്

ലഹരിക്കടത്ത് തടയാൻ ദുബൈ കസ്റ്റംസിന് അത്യാധുനിക വാഹനങ്ങൾ

ദുബൈ: അതിർത്തികളിലൂടെയുള്ള ലഹരിക്കടത്തും നിരോധിത വസ്തുക്കളുടെ കള്ളക്കടത്തും തടയുന്ന പട്രോളിങ് ശക്തമാക്കുന്നതിന്‍റെ ഭാഗമായി ദുബൈ കസ്റ്റംസ് തങ്ങളുടെ ‘കെ9’ വിഭാഗത്തിനായി പുതിയ അത്യാധുനിക വാഹന വ്യൂഹം പുറത്തിറക്കി. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് പുതിയ വാഹനങ്ങൾ നിരത്തിലിറക്കിയത്. കസ്റ്റംസ് പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കാനും, അടിയന്തര സാഹചര്യങ്ങളിൽ ഉടനടി പ്രതികരിക്കാനും കഴിയുന്ന രീതിയിൽ അന്താരാഷ്ട്ര നിലവാരത്തിലാണ് ശ്വാന വിഭാഗത്തിനായുള്ള ഈ വാഹനങ്ങളുടെ രൂപകൽപന.

പൂർണമായും സ്മാർട്ട് സാങ്കേതികവിദ്യയിലാണ് പുതിയ വാഹനങ്ങളുടെ പ്രവർത്തനം. വാഹനത്തിനുള്ളിലെ നായ്ക്കളുടെ ചലനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക കാമറകൾ, ഡ്രൈവറുടെ ശ്രദ്ധ അളക്കുന്ന സംവിധാനം, ഉൾവശത്തെ താപനില കൃത്യമായി പരിശോധിക്കാനുള്ള തെർമൽ സെൻസറുകൾ എന്നിവ ഇതിലുണ്ട്. വാഹനത്തിനുള്ളിലെ ചൂട് സുരക്ഷിത പരിധി ലംഘിച്ചാൽ ഡ്രൈവർക്കും അസിസ്റ്റന്‍റിനും ഉടനടി മുന്നറിയിപ്പ് സന്ദേശം ലഭിക്കും. ദുബൈ കസ്റ്റംസിന്‍റെ പ്രധാന ഓപറേഷൻസ് റൂമുമായി ഈ വാഹനങ്ങളെ തത്സമയം ബന്ധിപ്പിച്ചിട്ടുമുണ്ട്. ദീർഘനേരത്തെ ഫീൽഡ് ഓപറേഷനുകൾക്കായി നായ്ക്കൾക്ക് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ വിശ്രമിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

സ്വതന്ത്രമായ എയർ കണ്ടീഷനിങ് സിസ്റ്റം, ഓട്ടോമാറ്റിക് വാട്ടർ ഡിസ്പെൻസറുകൾ, തീറ്റ പാത്രങ്ങൾ എന്നിവ ഇതിലുണ്ട്. വീഴ്ചകൾ ഒഴിവാക്കാൻ നോൺ-സ്ലിപ്പ് ഫ്ലോറിങ്, മൂന്ന് എമർജൻസി എക്സിറ്റുകൾ, പ്രത്യേക റാംപുകൾ, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവയും വാഹനത്തിന്‍റെ സവിശേഷതകളാണ്.

നിലവിൽ 28 പരിശീലനം സിദ്ധിച്ച നായ്ക്കളാണ് ദുബായ് കസ്റ്റംസ് K9 വിഭാഗത്തിലുള്ളത്. ഇതിൽ 20 എണ്ണം ലഹരിമരുന്ന് കണ്ടെത്താനും എട്ടെണ്ണം സ്ഫോടകവസ്തുക്കൾ കണ്ടെത്താനും പ്രത്യേക പരിശീലനം ലഭിച്ചവയാണ്. നാലു വനിതകൾ ഉൾപ്പെടെ 24 കസ്റ്റംസ് ഓഫിസർമാരാണ് ഇവരെ നയിക്കുന്നത്. സ്മാർട്ട് സാങ്കേതികവിദ്യകൾ ശക്തമാക്കുന്നതു വഴി കസ്റ്റംസ് പരിശോധനകൾ കൂടുതൽ ശക്തമാക്കാനും ദുബൈയെ സുരക്ഷിതമാക്കി നിലനിർത്താനും പുതിയ വാഹനവ്യൂഹം സഹായിക്കുമെന്ന് ദുബൈ കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Tags:    
News Summary - Dubai Customs gets state-of-the-art vehicles to prevent drug smuggling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.