ശൈഖ് ഹംദാന്
ദുബൈ: ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് വീണ്ടും സ്ഥാനക്കയറ്റം. സായുധ സേന ലഫ്. ജനറലായാണ് പുതിയ നിയമനം. പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് പുതിയ പദവിയിൽ ഇദ്ദേഹത്തെ നിയമിച്ചത്. യൂനിയൻ പ്രതിജ്ഞാ ദിനത്തിൽ പ്രസിഡന്‍റ് മുമ്പാകെ പുതിയ പദവിയിൽ ശൈഖ് ഹംദാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു. ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നീ ഉയർന്ന ക്യാബിനറ്റ് പദവികളിൽ ഒരു വർഷം പൂർത്തിയായതോടെയാണ് പുതിയ പദവികൂടി സമ്മാനിച്ചത്. 2024 ജൂലൈ 14ലിനാണ് ശൈഖ് ഹംദാനെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി നിയമിക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച സൈനിക അക്കാദമികളിലൊന്നായ റോയല്‍ മിലിട്ടറി അക്കാദമി സാന്‍ഡ്ഹര്‍സ്റ്റില്‍ നിന്നാണ് ശൈഖ് ഹംദാന്‍ ബിരുദം നേടിയത്. ഫെഡറൽ ഗവൺമെന്‍റിന്‍റെ സുപ്രധാന പദവികളിൽ നിർണായകമായ പ്രവർത്തനങ്ങൾ നടത്താൻ ശൈഖ് ഹംദാന് കഴിഞ്ഞിരുന്നു. രാജ്യത്തെ പ്രതിരോധ മേഖലയെ മികച്ച രീതിയിൽ നയിക്കുകയും അന്താരാഷ്ട്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തു. കൂടാതെ യു.എ.ഇയുടെ ദീർഘകാല സുരക്ഷയേയും വികസന ലക്ഷ്യങ്ങളെയും പിന്തുണക്കാനും അദ്ദേഹത്തിന് സാധിച്ചു. 2008 ഫെബ്രുവരി ഒന്നിനാണ് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇദ്ദേഹത്തെ ദുബൈയുടെ കിരീടാവകാശിയായി നിയമിക്കുന്നത്. നവീനതയിലും പ്രതിരോധത്തിലും ദേശീയ അഭിമാനത്തിലും അധിഷ്ഠിതമായ ഭാവി കാഴ്ചപ്പാട് വെച്ചുപുലർത്താൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.