ദുബൈ: എമിറേറ്റിൽ ലഭ്യമായ മുഴുവൻ മേഖലകളിലെയും സേവനവിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയാൻ പുതിയ നിർമിത ബുദ്ധി (എ.ഐ) പ്ലാറ്റ്ഫോം അവതരിപ്പിച്ചു.
ഡിജിറ്റൽ ദുബൈയും ദുബൈ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസും (ഡി.സി.എ.ഐ) ചേർന്നാണ് ‘ദുബൈ എ.ഐ’ എന്ന പേരിൽ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം പുറത്തിറക്കിയത്. ദുബൈയിലെ മുഴുവൻ ആധികാരിക കേന്ദ്രങ്ങളിൽനിന്നും ലഭ്യമാവുന്ന സേവനങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ആപ്പിൽ ലഭ്യമാണ്. തദ്ദേശീയർ, താമസക്കാർ, സന്ദർശകർ, സംരംഭകർ എന്നിവർക്ക് സ്കൂളുകൾ, യൂനിവേഴ്സിറ്റികൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യം, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഹോട്ടലുകൾ, ഗതാഗതസംവിധാനങ്ങൾ, കായികരംഗം, കാലാവസ്ഥ വിവരങ്ങൾ, പരിസ്ഥിതി വിവരങ്ങൾ, ടൂറിസം, വ്യോമഗതാഗതം, ബിസിനസ്, റിയൽ എസ്റ്റേറ്റ് തുടങ്ങിയ സകല മേഖലകളെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ ദുബൈ എ.ഐ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. ഉപയോക്താക്കൾക്കുള്ള ഒരു വ്യക്തിഗത ഡിജിറ്റൽ അസിസ്റ്റന്റായി ഇത് പ്രവർത്തിക്കും.
ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് തത്സമയം ഉത്തരം നൽകാൻ ജനറേറ്റീവ് എ.ഐ ഉപയോഗിച്ച് രൂപകൽപന ചെയ്തിരിക്കുന്ന ആപ്പിന് സാധിക്കും. സർക്കാർ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളെക്കുറിച്ച് വിവരങ്ങളും സർവിസ് സംബന്ധിച്ച കാര്യങ്ങളും ആപ്പിൽ ലഭ്യമാണ്. ദുബൈയിലെ മുഴുവൻ മേഖലകളിലെയും ആധികാരിക വിവരങ്ങൾ നൽകുന്ന ആദ്യത്തെ ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ദുബൈ എ.ഐ എന്ന് ഡിജിറ്റൽ ദുബൈ ഗവൺമെന്റ് എസ്റ്റാബ്ലിഷ്മെന്റ് സി.ഇ.ഒ മതാർ അൽ ഹമൈറി പറഞ്ഞു. ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലൂടെ ദുബൈ നിവാസികളുടെ ഡിജിറ്റൽ ജീവിതം കൂടുതൽ മെച്ചപ്പെടുത്തുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.