അബൂദബിയിൽ ഡ്രൈവറില്ലാ ടാക്‌സി സർവിസ്​ വ്യാപിപ്പിച്ചു

അബൂദബി: സ്വയം നിയന്ത്രിത ടാക്‌സി വാഹനങ്ങളുടെ സര്‍വീസ് അല്‍ റീം, അല്‍ മറിയ ദ്വീപുകളിലേക്ക് കൂടി വ്യാപിപ്പിച്ച്​ അബൂദബി മൊബിലിറ്റി. ഈ രംഗത്തെ ആഗോള മുന്‍ നിര കമ്പനിയായ വീറൈഡ്, ടാക്‌സി സര്‍വീസ് സേവന ദാതാവായ ഊബര്‍, പ്രാദേശിക ഓപറേറ്ററായ തവസുല്‍ ട്രാന്‍സ്‌പോര്‍ട്ട് എന്നിവയുമായി സഹകരിച്ചാണ് പുതിയ നീക്കം.

ഇന്‍റലിജന്‍റ്​ ഗതാഗത ഹബ്ബായി അബൂദബിയെ മാറ്റുകയെന്ന സ്മാര്‍ട്ട് ആന്‍ഡ് ഓട്ടോണമസ് സിസ്റ്റംസ് കൗണ്‍സിലിന്‍റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് നടപടി. 2040ഓടെ അബൂദബിയിലെ എല്ലാ യാത്രകളുടെയും നാലിലൊന്നും സ്വയം നിയന്ത്രിതമാക്കുകയെന്നതാണ്​ ലക്ഷ്യം. വാണിജ്യ, താമസ, സാമ്പത്തിക പ്രാധാന്യം കൊണ്ട് ശ്രദ്ധേയമായ ജനസാന്ദ്രതയേറിയ അല്‍ റീം, അല്‍ മറിയ ദ്വീപുകളിലേക്കു കൂടി സ്വയംനിയന്ത്രിത ടാക്‌സി സേവനം വ്യാപിക്കുന്നതിലൂടെ അബൂദബിയിലെ സുപ്രധാന മേഖലകളുടെ പകുതിയോളം ഈ സൗകര്യം എത്തിക്കാനാകും. ഗതാഗതതിരക്കേറിയ ഈ മേഖലയില്‍ വീ റൈഡിന്‍റെ സ്വയം നിയന്ത്രിത ഡ്രൈവിങ് സാങ്കേതികവിദ്യയുടെ മികവ് പ്രകടിപ്പിക്കാന്‍ പദ്ധതി സഹായിക്കും. നേരത്തേ യാസ് ഐലന്‍ഡ്, സഅദിയാത്ത് ഐലന്‍സ് എന്നിവിടങ്ങളിലും ഇവിടെ നിന്ന് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുമായിരുന്നു സ്വയം നിയന്ത്രിത ടാക്‌സി വാഹനങ്ങള്‍ നിയോഗിച്ചത്. 2024 ഡിസംബറില്‍ ഊബര്‍ പ്ലാറ്റ് ഫോമില്‍ ആരംഭിച്ച സര്‍വീസ് നിലവില്‍ മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. വൈകാതെ അബൂദബിയിലെ മറ്റു കേന്ദ്രങ്ങളിലും സര്‍വീസ് നടപ്പാക്കും. അബൂദബിയുടെ സ്മാര്‍ട്ട് മൊബിലിറ്റി യാത്രയില്‍ നാഴികകല്ലാണ് ഈ വ്യാപനമെന്ന് അബൂദബി മൊബിലിറ്റിയുടെ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല ഹമദ് അല്‍ഗഫീലി പറഞ്ഞു.

Tags:    
News Summary - Driverless taxi service expanded in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.