ദുബൈ: ദുബൈയിലെ സ്കൂളുകളിലുടനീളം സൗജന്യ നേത്രപരിശോധന നടത്തുന്നതിന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ നേത്രസംരക്ഷണ വിഭാഗമായ ആസ്റ്റര്‍ ഒപ്റ്റിക്കല്‍സുമായി സഹകരിച്ച് ദുബൈ ഹെൽത്ത് അതോറിറ്റി സംയുക്ത ബോധവത്കരണ, പ്രതിരോധ കാമ്പയിന് ആരംഭിച്ചു.
നേത്രപരിശോധന ക്യാമ്പുകളിലൂടെ കുട്ടികളിലെ കാഴ്ച പ്രശ്നങ്ങള്‍ കണ്ടെത്തുകയും നേരത്തേ ചികിത്സ ലഭ്യമാക്കുകയുമാണ് ലക്ഷ്യം.
പ്രതിരോധ സ്ക്രീനിങ് പ്രോഗ്രാമുകള്‍ രോഗം നേരത്തേ കണ്ടെത്തുന്നതിനും ഇടപെടുന്നതിനും സഹായിക്കുമെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റിയിലെ പബ്ലിക് ഹെല്‍ത്ത് ആൻഡ് പ്രൊട്ടക്ഷന്‍ ഡിപാര്‍ട്മെന്റ് ആക്റ്റിങ് ഡയറക്ടര്‍ ഡോ. റമദാന് ഇബ്രാഹിം അല്‍ ബലൂഷി പറഞ്ഞു. സ്കൂള്‍ കുട്ടികളില്‍, പ്രത്യേകിച്ച് കൗമാരക്കാര്‍ക്കിടയില്‍ ആരോഗ്യകരമായ ജീവിതരീതിയുടെയും പെരുമാറ്റത്തിന്റെയും പ്രാധാന്യം വളര്‍ത്തിയെടുക്കുന്നതിന് ആരോഗ്യ കാമ്പയിനുകൾ അത്യന്താപേക്ഷിതമാണെന്ന് ഡി.എച്ച്.എ പബ്ലിക് ഹെല്‍ത്ത് ആൻഡ് പ്രൊട്ടക്ഷന്‍ ഡിപാര്‍ട്മെന്റ് സ്കൂള്‍ ഹെല്‍ത്ത് സെക്ടറിലെ ആക്റ്റിങ് ഹെല്‍ത്തായ സന നാസര്‍ പറഞ്ഞു.
ചെറിയ കുട്ടികളുടെ കാഴ്ചശക്തിയില്‍ കുറവുവന്നുവെന്ന് പലപ്പോഴും മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെന്നും ഈ പ്രതിസന്ധി പരിഹരിക്കാൻ കാമ്പയിൻ ഉപകരിക്കുമെന്നും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷ മൂപ്പന് പറഞ്ഞു.
കണ്ണുകളെ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യാന്‍ മാതാപിതാക്കളെയും കുട്ടികളെയും ബോധവത്കരിക്കാനാണ് കാമ്പയിനിലൂടെ ശ്രമിക്കുന്നതെന്നും അലീഷ മൂപ്പന് വ്യക്തമാക്കി. വിശദ പരിശോധനയിലൂടെയും ചികിത്സയിലൂടെയും നേരത്തേ തന്നെ രോഗനിര്‍ണയം നടത്താനും കുട്ടിയുടെ കാഴ്ചയില്‍ അനുഭവപ്പെടുന്ന ദീര്‍ഘകാല പ്രശ്നങ്ങള്‍ തടയാനും സാധിക്കുമെന്ന് കരാമയിലെ യൂനിയന്‍ മെഡിക്കല്‍ സെന്ററിലെ ആസ്റ്റര്‍ ക്ലിനിക് സ്പെഷല്‍ ഒഫ്താല്‍മോളജിസ്റ്റ് ഡോക്ടര്‍ കൃഷ്ണ മൂര്‍ത്തി ജനാർദനന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.