നവീകരണം പൂർത്തിയായ മറൈൻ സ്റ്റേഷൻ
ഓൾഡ് ദുബൈ സൂഖ്, അൽ സബ്ക
സ്റ്റേഷനുകളാണ്
നവീകരിച്ചത്
ദുബൈ: അവസാന ഘട്ട വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ദുബൈ ക്രീക്കിലെ രണ്ട് മറൈൻ സ്റ്റേഷനുകൾ ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഉദ്ഘാടനം ചെയ്തു. ഓൾഡ് ദുബൈ സൂഖ്, അൽ സബ്ക സ്റ്റേഷനുകളാണ് മോടികൂട്ടിയത്.
ആദ്യ ഘട്ടത്തിൽ ബർദുബൈ, ഓൾഡ് ദേര സൂഖ് സ്റ്റേഷനുകളും ആർ.ടി.എ നവീകരിച്ചിരുന്നു. ഇതേ മാതൃകയിലാണ് ഇപ്പോഴത്തെ സ്റ്റേഷനുകളുടെ വികസനവും പൂർത്തീകരിച്ചത്.
ഉപഭോക്തൃ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, മേൽക്കൂരയുള്ള കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നീളം കൂട്ടുക, അബ്ര റൈഡർമാർക്ക് സേവനം നൽകുന്നതിനായി റീട്ടെയിൽ ഔട്ട്ലെറ്റുകൾ സ്ഥാപിക്കുക തുടങ്ങിയ പ്രവൃത്തികളാണ് പൂർത്തീകരിച്ചത്. മേൽക്കൂരയുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾ 50 ശതമാനം വരെ വികസിപ്പിച്ചിരിക്കുകയാണ്. കൂടാതെ, നിശ്ചയദാർഢ്യ വിഭാഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന രീതിയിലുള്ള വാണിജ്യ സ്ഥലങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.
ലൈറ്റിങ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം മറൈൻ ബെർത്തിൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്തു. ഓപറേറ്റർമാർക്ക് തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി പരമ്പരാഗത മര അബ്രകളിൽ ശീതീകരിച്ച വിശ്രമ സ്ഥലമാണ് ഒരുക്കിയിരിക്കുന്നത്.
എമിറേറ്റിലെ പ്രധാന ഗതാഗത മാർഗമെന്ന നിലയിൽ ജലഗതാഗത സംവിധാനങ്ങൾ ആധുനികവത്കരിക്കാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച മറൈൻ ട്രാൻസ്പോർട്ട് സ്ട്രാറ്റജി പ്ലാൻ 2020-2030ന്റെ കീഴിലാണ് മറൈൻ സ്റ്റേഷനുകളുടെ വികസനം. എമിറേറ്റിലെ മറൈൻ ഗതാഗത രംഗത്ത് അതിവേഗ വളർച്ചയാണ് രേഖപ്പെടുത്തിവരുന്നത്. ഈ വർഷം ആദ്യ പകുതിയിൽ മറൈൻ ട്രാൻസ്പോർട്ട് സേവനം ഉപയോഗപ്പെടുത്തിയത് 97 ലക്ഷം പേരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.