ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റ് ജങ്ഷൻ വികസനത്തിനുള്ള രൂപരേഖ
ദുബൈ: നഗരത്തിലെ പ്രധാന റോഡ് ഇടനാഴികളിലെ യാത്രത്തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റ് ഇന്റർസെക്ഷൻ വികസനത്തിന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) കരാർ നൽകി.
അൽ അവീർ റോഡ്, അൽ മനാമ സ്ട്രീറ്റ് എന്നിവ ഉൾപ്പെടുന്നതാണ് ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റ് ഇന്റർസെക്ഷൻ. 2300 മീറ്റർ നീളത്തിൽ പാലങ്ങൾ, പാത വികസനം, സർവിസ് റോഡ് വികസനം, ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റ്, അൽ അവീർ റോഡ് എന്നിവിടങ്ങളിൽ പുതിയ എൻട്രി, എക്സിറ്റ് നിർമാണം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. 2028ലെ മൂന്നാം പാദത്തിൽ പദ്ധതി പൂർത്തിയാകും. ഇതോടെ റോഡുകളുടെ ശേഷി ഇരുദിശയിലേക്കും മണിക്കൂറിൽ 5200 വാഹനങ്ങളിൽ നിന്ന് 14,400 ആയി ഉയരും. നിലവിലുള്ളതിനേക്കാൾ 176 ശതമാനമാണ് വർധന. അതോടൊപ്പം നഗരത്തിലെ പ്രധാന ഇടനാഴിയിലൂടെയുള്ള യാത്രസമയം 20 മിനിറ്റിൽ നിന്ന് അഞ്ച് മിനിറ്റായി കുറയുകയും ചെയ്യും.
ദുബൈയിലുടനീളം വർധിച്ചുവരുന്ന വാഹനങ്ങളെ ഉൾക്കൊള്ളാനും സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതിനും റോഡുകൾ, പാലങ്ങൾ, ക്രോസിങ്ങുകൾ, തുരങ്ക ശൃംഖലകൾ എന്നിവ വികസിപ്പിക്കുന്നതിനുള്ള ആർ.ടി.എയുടെ മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് പുതിയ പദ്ധതിയെന്ന് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. നഗരവികസനത്തിനും ജനസംഖ്യവർധനവിനും അനുസരിച്ചുള്ള ആവശ്യങ്ങൾ നിറവേറ്റാൻ പദ്ധതി പിന്തുണയേകും. പ്രദേശവാസികളും സന്ദർശകരും അടക്കം ആറുലക്ഷത്തിലധികം പേർക്ക് പദ്ധതി പ്രയോജനപ്പെടും.
ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റിന്റെയും അൽ അവിർ റോഡിന്റെയും ഇന്റസെക്ഷനിലുള്ള റൗണ്ട് എബൗട്ട് വ്യത്യസ്ത ഇന്റർചേഞ്ചാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ഘടകം. ഇതുവഴി എല്ലാ ദിശകളിലേക്കും ഗതാഗതം മെച്ചപ്പെടുത്താനാവും. ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റിൽ ഓരോ ദിശയിലേക്കും നാല് വരികളുള്ള പ്രധാന പാലങ്ങളുടെ നിർമാണം, വലത്തോട്ടും ഇടത്തോട്ടും തിരിയുന്നതിനുള്ള റാമ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടും. റാമ്പുകളിൽ ഓരോന്നിലും രണ്ട് വരികളുണ്ടാകും.
അൽ അവീറിലേക്കും ഷാർജയിലേക്കും ഗതാഗതം സുഗമമാക്കുന്നതിനായി അൽ അവീർ റോഡും എമിറേറ്റ്സ് റോഡും തമ്മിലുള്ള ജങ്ഷനിൽ ഒരു പാലം നിർമിക്കും.
കൂടാതെ ചുറ്റുമുള്ള കമ്യൂണിറ്റികളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനായി സമാന്തര സർവിസ് റോഡുകളുടെ വികസനവും പദ്ധതിയിൽ ഉൾപ്പെടും. അൽ മാന സ്ട്രീറ്റിന്റെ ഉപരിതല റോഡുകൾ മെച്ചപ്പെടുത്തും. ഇവിടത്തെ റോഡ് രണ്ട് വരിയിൽ നിന്ന് നാലുവരിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.