ദുബൈ: ദുബൈയിലെ ഡെലിവറി ബൈക്കുകൾക്ക് ഡിസംബർ അവസാനം മുതൽ മുൻവശത്ത് കൂടി നമ്പർ പ്ലേറ്റ് നിർബന്ധമാക്കുന്നു. നിലവിൽ ബൈക്കുകൾക്ക് ദുബൈയിൽ പിൻവശത്ത് മാത്രമാണ് നമ്പർ പ്ലേറ്റ് നിർബന്ധമായിട്ടുള്ളത്. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങൾ, ഡെലിവറി ബൈക്കുകൾ, ഡെലിവറി ആപ്പുകൾക്ക് സേവനം നടത്തുന്ന ബൈക്കുകൾ, പാർസൽ സർവിസ്, ഡോക്യുമെന്‍റ് ഡെലിവറി എന്നിവക്കായി ഉപയോഗിക്കുന്ന ബൈക്കുകൾ എന്നിവക്കാണ് പുതിയ നിയമം ബാധകം. കമ്പനികൾ ഡെലിവറിക്ക് ഉപയോഗിക്കുന്ന ഇ-സ്കൂട്ടറുകൾക്കും മുന്നിലും നമ്പർ പ്ലേറ്റ് ഘടിപ്പിക്കണം. അതേസമയം, വ്യക്തികൾ ഉപയോഗിക്കുന്ന ബൈക്കിന് മുൻവശം നമ്പർ പ്ലേറ്റുകൾ ആവശ്യമില്ല.
ഘട്ടംഘട്ടമായാകും പുതിയ നിയമം നടപ്പാക്കുകയെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) വാർത്തക്കുറിപ്പിൽ അറിയിച്ചു. നിലവിലുള്ള ബൈക്കുകളുടെ രജിസ്ട്രേഷൻ പുതുക്കുന്ന സമയത്ത് മുൻവശത്തും നമ്പർ പ്ലേറ്റുകൾ അനുവദിക്കും. ഡെലിവറിക്കായി ഉപയോഗിക്കുന്ന ബൈക്കുകൾക്ക് നമ്പർ പ്ലേറ്റിൽ 9 എന്ന കോഡുണ്ടാകും. സുവർണനിറത്തിലായിരിക്കും പുതിയ നമ്പർ പ്ലേറ്റുകൾ അനുവദിക്കുകയെന്നും ആർ.ടി.എയുടെ ലൈസൻസിങ് ഏജൻസി സി.ഇ.ഒ അഹമ്മദ് മെഹ്ബൂബ് അറിയിച്ചു.
ദുബൈയിലെ റോഡുകളിലെ മോട്ടോർസൈക്കിളുകളുടെ എണ്ണത്തിലും ആവശ്യകതയിലും ഉണ്ടായിട്ടുള്ള വർധനക്കൊപ്പം സമീപവർഷങ്ങളിൽ ഡെലിവറി മേഖലയിലുണ്ടായ ദ്രുതഗതിയിലുള്ള വളർച്ചക്കും പുതിയ നടപടി സഹായകമാണെന്ന് മഹ്ബൂബ് വിശദീകരിച്ചു. ഡെലിവറി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക, റോഡ് സുരക്ഷ വർധിപ്പിക്കുക, ട്രാഫിക് നിയമങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പുതിയ പരിഷ്കാരങ്ങൾ. റോഡ് ഉപഭോക്താക്കളുടെ സുരക്ഷയാണ് ആർ.ടി.എയുടെ പ്രധാന പരിഗണന. ആർ.ടി.എ, ദുബൈ പൊലീസ് ജനറൽ ഹെഡ്ക്വാട്ടേഴ്സ് എന്നിവ തമ്മിലുള്ള സംയുക്ത സംരംഭത്തിന്‍റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.