ദുബൈ: ദിയ ധനം നൽകേണ്ട കേസുകളിൽ തടസ്സമില്ലാതെ തീർപ്പ് കൽപിക്കാൻ പുതിയ ഡിജിറ്റൽ സംവിധാനം. യു.എ.ഇ സെൻട്രൽ ബാങ്ക്, ദുബൈ പബ്ലിക് പ്രോസിക്യൂഷൻ എന്നിവർ കൈകോർത്താണ് ഇലക്ട്രോണിക് സംവിധാനം അവതരിപ്പിച്ചത്. സെൻട്രൽ ബാങ്കിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ദുബൈ പബ്ലിക് പ്രോസിക്യൂഷനും ഇൻഷുറൻസ് സ്ഥാപനങ്ങളും തമ്മിൽ നേരിട്ടുള്ള ഡിജിറ്റൽ സംയോജനം സാധ്യമാക്കുകയാണ് ലക്ഷ്യം. ഇതുവഴി സെൻട്രൽ ബാങ്കും ഇൻഷുറൻസ് കമ്പനികളും ദുബൈ പബ്ലിക് പ്രോസിക്യൂഷനും തമ്മിലുള്ള സുഗമമായ ഏകോപനം ഉറപ്പുവരുത്തി ദിയ ധനം നൽകേണ്ട കേസുകളുടെ നടപടികളും തീർപ്പാക്കലും വേഗത്തിലാക്കും.
ഉദ്യോഗസ്ഥരുടെ ഇടപെടൽ കുറച്ച് ദിയ ധനം നൽകേണ്ട കേസുകൾ വേഗത്തിൽ തീർപ്പാക്കുക, സാമ്പത്തിക, ജുഡീഷ്യൽ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പുതിയ സംവിധാനം മുന്നോട്ടുവെക്കുന്നത്. ‘സീറോ ബ്യൂറോക്രസി’നയത്തെ പിന്തുണക്കുന്നതാണ് പുതിയ സംരംഭം.
ഇൻഷുറൻസ് മേഖലകളുടെയും നിയമ നിർവഹണ സ്ഥാപനങ്ങളുടെയും കാര്യക്ഷമത വർധിപ്പിച്ച് സേവന നിലവാരം മെപ്പെടുത്തുകയും ഉപഭോക്തൃ അനുഭവവും സംരക്ഷണവും ശക്തിപ്പെടുത്തുകയും ചെയ്യും. ഇതുസംബന്ധിച്ച കരാർ ഒപ്പുവെക്കൽ ചടങ്ങിൽ ഇരു സ്ഥാപനങ്ങളുടെയും മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. അപകട മരണങ്ങളിൽ ഇൻഷുറൻസും ദിയ ധനവും നൽകേണ്ട സാഹചര്യങ്ങളിൽ ഇരകൾക്ക് വേഗത്തിൽ നീതി ലഭ്യമാക്കാൻ പുതിയ സംവിധാന സഹായകമാവുമെന്നാണ് പ്രതീക്ഷ. പരമാവധി നടപടികൾ ഡിജിറ്റൽ സംവിധാനത്തിലൂടെ പൂർത്തിയാക്കാൻ ഇരുകക്ഷികൾക്ക് സാധ്യമാവുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപനയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.