എക്സ്പോ സന്ദർശകർ അൽ വസ്ൽ പ്ലാസക്കു സമീപം ക്രിസ്മസ് സാൻറക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നു
ദുബൈ: സന്ദർശകരുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് എക്സ്പോ 2020 ദുബൈയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി. ഒമിക്രോൺ വകഭേദം കൂടുതൽ രാജ്യങ്ങളിൽ വ്യാപിക്കുന്നതും കോവിഡ് കേസുകൾ കൂടുന്നതുമായ സാഹചര്യത്തിലാണ് മുൻകരുതൽ നടപടികൾ സ്വീകരിച്ചത്. വിശ്വമേളക്കെത്തുന്നവരെ പരിശോധിക്കാനുള്ള പി.സി.ആർ ടെസ്റ്റിങ് കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കുകയും എല്ലാ ദിവസവും സംഘടിപ്പിക്കുന്ന പരേഡ് ഒഴിവാക്കാനും തീരുമാനിച്ചതാണ് പ്രധാന മാറ്റം. എക്സ്പോയിൽ പ്രവർത്തിക്കുന്ന മുഴുവൻ പവിലിയനുകളിലെയും ജീവനക്കാരെ സൗജന്യമായി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. പരേഡിനു പുറമെ ജനങ്ങളുമായി ഇടപഴകുന്ന വിനോദപരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. മേളയിലെ എല്ലാ മുൻനിര ജീവനക്കാരെയും വിനോദപരിപാടികൾ നടത്തുന്നവരെയും സ്ഥിരമായി പരിശോധിക്കുന്നത് തുടരുമെന്നും അടുത്ത സമ്പർക്കത്തിന് കാരണമാകുന്ന പരിപാടികൾ ഹ്രസ്വകാല മുൻകരുതൽ നടപടിയായി നിർത്തിവെക്കുകയാണെന്നും അധികൃതർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
നിലവിൽ എക്സ്പോയിലെ എല്ലാ അന്താരാഷ്ട്ര പവിലിയൻ പ്രതിനിധികളും ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന് നിർദേശിക്കപ്പെട്ടിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ള മുഴുവൻ സന്ദർശകരും വാക്സിനേഷൻ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനിടയിലെ നെഗറ്റിവ് പി.സി.ആർ സർട്ടിഫിക്കറ്റോ പ്രവേശനത്തിന് ഹാജരാക്കണം. മാസ്ക്, സാമൂഹിക അകലം തുടങ്ങിയ മാനദണ്ഡങ്ങളും പാലിക്കണമെന്ന് നിലവിൽ നിർദേശിക്കപ്പെട്ടിട്ടുണ്ട്. പുതിയ മുൻകരുതൽ നടപടികളിലൂടെ വിശ്വമേളക്കെത്തുന്നവരെ കൂടുതൽ സുരക്ഷിതരാക്കാനുള്ള മുന്നൊരുക്കമാണ് അധികൃതർ സ്വീകരിച്ചത്. യു.എ.ഇയിലെ താമസക്കാരിൽ 90 ശതമാനവും വാക്സിൻ സ്വീകരിക്കുകയും ബൂസ്റ്റർ എടുക്കാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച 301 കോവിഡ് കേസുകളാണ് യു.എ.ഇയിൽ റിപ്പോർട്ട് ചെയ്തത്. ഇതുവരെ ഒരാൾക്കു മാത്രമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.