അബൂദബി: മുസഫ വ്യവസായ നഗരിയിൽ 3,500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പുതിയ കോവിഡ് രോഗ പരിശോധന കേന്ദ്രം തുറന്നു. തലസ്ഥാനത്ത് ദിവസംതോറുമുള്ള കോവിഡ് രോഗ പരിശോധന ശേഷി 80 ശതമാനം വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് നൂതന സംവിധാനങ്ങളോടെയുള്ള പുതിയ പരിശോധന കേന്ദ്രം. വേനൽചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ ജീവനക്കാർക്കും രോഗികൾക്കും ആശ്വാസംപകരുന്നതിന് പൂർണമായും എയർകണ്ടീഷൻ ചെയ്താണ് പുതിയ പരിശോധന കേന്ദ്രം. പരിശോധന നടത്താനെത്തുന്ന വ്യക്തിയുമായി നേരിട്ടു സമ്പർക്കം പുലർത്താതെ രജിസ്ട്രേഷൻ പൂർത്തീകരിക്കാനും രോഗാവസ്ഥയിലുള്ളവരുടെ സാമ്പിൾ എടുക്കാനും അനുയോജ്യമായ പ്രത്യേക സൗകര്യവുമുണ്ട്. അണുബാധ വ്യാപിക്കുന്നത് ലഘൂകരിക്കുന്നതിനും നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പൂർണമായും അടച്ച കാബിനുകളിൽനിന്ന് പരിശോധനക്കെത്തുന്നവരുടെ സാമ്പിൾ ശേഖരണം നടത്താനാവുമെന്നതും പ്രത്യേകതയാണ്.പ്രതിദിനം 7,500പേരുടെ സാമ്പിൾ പുതിയ കേന്ദ്രത്തിൽ പരിശോധിക്കാനാവും. നിലവിൽ മുസഫ വ്യവസായ നഗരിയിൽ തൊഴിലാളികൾക്ക് സൗജന്യമായി കോവിഡ് പരിശോധന നടത്താനായി മുസഫ എം42, എം1 എന്നിവിടങ്ങളിൽ രണ്ടു കേന്ദ്രങ്ങളുണ്ട്. ബുർജീൽ ആശുപത്രിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രങ്ങളിൽ പ്രതിദിനം 3500 പേരുടെ പരിശോധന നടത്താം.
ആരോഗ്യ സംരക്ഷണത്തിന് പിന്തുണ ഉറപ്പാക്കുന്നതിനും യു.എ.ഇയിലെ പൗരന്മാർക്കും താമസക്കാർക്കും സുരക്ഷിതമായ പരിശോധനാ സൗകര്യം ഉറപ്പാക്കുന്നതിനും അബൂദബി സർക്കാർ മികച്ച നടപടികളാണ് സ്വീകരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമീദ് ചൂണ്ടിക്കാട്ടി. പോസിറ്റിവ് കേസുകൾ വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കുന്നതാണ് കോവിഡ് രോഗവ്യാപനം ലഘൂകരിക്കുന്നതിനുള്ള നിർണായക മാർഗം. പൊതുജനാരോഗ്യ വെല്ലുവിളിയെ നേരിടാനുള്ള തന്ത്രത്തിെൻറ ഭാഗമാണ് പരിശോധന കേന്ദ്രങ്ങൾ വിപുലീകരിക്കുന്നതെന്നും ആരോഗ്യ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പരിശീലനം ലഭിച്ച മെഡിക്കൽ ടീം, വിവിധ ഭാഷകൾ സംസാരിക്കാൻ കഴിവുള്ള സന്നദ്ധപ്രവർത്തകർ എന്നിവരുടെ സേവനം, കോവിഡ് പരിശോധന കേന്ദ്രത്തിലെത്തുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ നൽകാനും സഹായിക്കുന്നു. എല്ലാ ജീവനക്കാർക്കും കോവിഡ് പരിശോധന നടപ്പാക്കിയെന്ന് ഉറപ്പുവരുത്താൻ ശ്രമിക്കണമെന്ന് സ്വകാര്യ മേഖല സ്ഥാപനങ്ങളോട് അബൂദബി സാമ്പത്തിക വികസന വകുപ്പ് ആവശ്യപ്പെട്ടിരുന്നു. മുസഫ വ്യവസായ നഗരിയിലെ കോവിഡ് പരിശോധന സെൻററുകളിലേക്കും അവിടെ നിന്ന് മടങ്ങാനും തൊഴിലാളികൾക്ക് അബൂദബി മുനിസിപ്പാലിറ്റീസ് ആൻഡ് ഗതാഗത വകുപ്പ് സൗജന്യമായി പൊതുഗതാഗത സേവനവും നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.