ദുബൈ: സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ സ്വദേശികളായ രണ്ടുപേരെ വെറുതെവിട്ട വിധി ശരിവെച്ച് അപ്പീൽ കോടതി. പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച അപ്പീൽ ഹരജിയിലാണ് കീഴ്കോടതിയുടെ വിധി ശരിവെച്ച് അന്തിമ വിധി പുറപ്പെടുവിച്ചത്.കേസ് ഫയലുകൾ പരിശോധിക്കുകയും പബ്ലിക് പ്രോസിക്യൂഷന്റെ വാദം കേൾക്കുകയുംചെയ്ത ശേഷമാണ് അപ്പീൽ കോടതി രണ്ടുപേരും സംശയാതീതമായി കുറ്റക്കാരാണെന്ന് പറയാൻ തെളിവുകൾ അപര്യാപ്തമാണെന്ന് വ്യക്തമാക്കി വിധി പറഞ്ഞത്.
കേസിൽ ആരോപിതരിൽ ഒരാൾ സ്ത്രീയെ പ്രലോഭിപ്പിച്ച് രണ്ടാമത്തെയാളുടെ അൽ തായ് പ്രദേശത്തെ സ്വകാര്യ ഫാമിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. സ്ത്രീയുടെ സമ്മതത്തോടെയല്ലാതെ താമസിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായാണ് ആരോപിക്കപ്പെട്ടത്. ഫോറൻസിക് റിപ്പോർട്ടിൽ ചെറിയ പരിക്കുകൾ രേഖപ്പെടുത്തുകയും ചെയ്തു.
രണ്ടാമത്തെയാൾ ആദ്യത്തെയാളെ പീഡനത്തിൽ സഹായിക്കുകയും ചെയ്തതായാണ് കേസ്. യു.എ.ഇ ശിക്ഷനിയമമനുസരിച്ച് തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ, ശാരീരിക മർദനം തുടങ്ങിയ കുറ്റങ്ങൾക്ക് ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. നേരത്തേ ജൂണിൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി രണ്ടുപേരെയും വെറുതെവിടുകയും സ്ത്രീയുടെ സിവിൽ ക്ലെയിം നിരസിക്കുകയും ചെയ്തിരുന്നു. പരാതിക്കാരി കോടതിച്ചെലവും ലീഗൽ ഫീസായി 2,000 ദിർഹം അടക്കാനും ഉത്തരവിട്ടിരുന്നു.എന്നാൽ പബ്ലിക് പ്രോസിക്യൂഷൻ കേസിൽ അപ്പീൽ നൽകുകയായിരുന്നു.കേസിൽ വിധി പറഞ്ഞ അപ്പീൽ കോടതി ക്രിമിനൽ കുറ്റങ്ങൾ തെളിയിക്കാൻ സംശയാതീതമായ തെളിവുകൾ വേണമെന്ന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.