ദുബൈ: പുതുതായി നടപ്പാക്കുന്ന കോർപറേറ്റ് നികുതിയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. രാജ്യത്ത് പ്രവർത്തിക്കുന്ന ചില കമ്പനികൾക്കു മാത്രമാണ് ആദ്യഘട്ടത്തിൽ നികുതി രജിസ്ട്രേഷന് സൗകര്യമൊരുക്കിയിട്ടുള്ളത്. തിരഞ്ഞെടുത്ത കമ്പനികൾക്ക് ‘ഇമാറാടാക്സ്’ പ്ലാറ്റ്ഫോം ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുന്നതിന് ഫെഡറൽ ടാക്സ് അതോറിറ്റിയിൽനിന്ന് നിർദേശം ലഭിക്കുമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു. മേയ് മാസം വരെയാണ് ആദ്യഘട്ട രജിസ്ട്രേഷന് സൗകര്യമൊരുക്കിയിട്ടുള്ളത്. ഇതിനുശേഷമാണ് മറ്റു കമ്പനികൾക്കും ബിസിനസുകൾക്കും രജിസ്ട്രേഷന് സൗകര്യമുണ്ടാവുക.
ജൂൺ ഒന്നു മുതൽ വലിയ ബിസിനസ് സ്ഥാപനങ്ങൾക്ക് കോർപറേറ്റ് നികുതി ബാധകമാകുമെന്ന് കഴിഞ്ഞ വർഷമാണ് അധികൃതർ പ്രഖ്യാപിച്ചത്. 3.75 ലക്ഷം ദിർഹത്തിൽ കൂടുതൽ വാർഷിക ലാഭം നേടുന്ന സ്ഥാപനങ്ങൾക്ക് ഒമ്പതു ശതമാനം നികുതിയാണ് ചുമത്തുക. രാജ്യത്തെ വാണിജ്യ ലൈസൻസിന് കീഴിൽ ബിസിനസ് പ്രവർത്തനങ്ങൾ നടത്തുന്ന എല്ലാ ബിസിനസുകൾക്കും വ്യക്തികൾക്കും കോർപറേറ്റ് നികുതി ബാധകമാകും. അതേസമയം, ശമ്പളത്തിനോ തൊഴിലിൽ നിന്നുള്ള മറ്റു വ്യക്തിഗത വരുമാനത്തിനോ കോർപറേറ്റ് നികുതി ബാധകമല്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
നികുതിസംവിധാനം നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് രജിസ്ട്രേഷൻ ആരംഭിച്ചിട്ടുള്ളത്. കമ്പനികൾക്കും ബിസിനസുകൾക്കും രജിസ്ട്രേഷനും നിയമപരമായ ബാധ്യതകൾ നിറവേറ്റുന്നതിനും മതിയായ സമയം അനുവദിക്കുമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. നികുതി സംബന്ധിച്ച പ്രഖ്യാപനം പുറത്തുവന്നശേഷം വിവിധ സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച് അതോറിറ്റി നിയമം നടപ്പാക്കുന്നതിന് മുന്നൊരുക്കത്തിലാണ്. ഏറ്റവും ഉയർന്ന നിലവാരത്തിൽ നികുതി സംവിധാനം നടപ്പിൽ വരുത്താനുള്ള ശ്രമമാണ് ഒരുക്കുന്നതെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ ഖാലിദ് അലി അൽ ബുസ്താനി പറഞ്ഞു.
അന്താരാഷ്ട്രതലത്തിൽ ലഭ്യമായ ഏറ്റവും മികച്ച സേവനങ്ങളിലൂടെ എല്ലാ ബിസിനസുകളെയും സഹായിക്കുമെന്നും നികുതി സംബന്ധിച്ച എല്ലാ വിവരങ്ങളും വൈകാതെ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇ കോർപറേറ്റ് നിയമത്തിന്റെ എക്സിക്യൂട്ടിവ് റെഗുലേഷനിൽ വ്യക്തമാക്കിയ വ്യവസ്ഥകൾ പാലിക്കുന്ന ഫ്രീ സോൺ കമ്പനികൾ, പ്രകൃതിവിഭവ സംസ്കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പെൻഷൻ ഫണ്ടുകൾ, നിക്ഷേപ ഫണ്ടുകൾ, പബ്ലിക് ബെനിഫിറ്റ് ഓർഗനൈസേഷനുകൾ തുടങ്ങിയവയെ നികുതി പരിധിയിൽനിന്ന് ഒഴിവാക്കിയതായി നേരത്തേ അറിയിച്ചിരുന്നു. ആഗോള സാമ്പത്തികരംഗത്ത് മത്സരക്ഷമത വർധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നികുതി രൂപപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.