മേജർ ജനറൽ അവാദ് അൽ അവീവും മിഡിൽസെക്സ് യൂനിവേഴ്സിറ്റി പ്രോ വൈസ് ചാൻസലറും ഡയറക്ടറുമായ പ്രഫ. സെഡ്വിൻ ഫെർണാണ്ടസും കരാർ ഒപ്പുവെക്കുന്നു
ദുബൈ: അക്കാദമിക് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സ്പോർട്സ് മാനേജ്മെന്റ് പ്രോഗ്രാമുകൾ വികസിപ്പിക്കുന്നതിനുമായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) മിഡിൽസെക്സ് യൂനിവേഴ്സിറ്റി ദുബൈയുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചു.
അൽ ജാഫ്ലിയയിലെ ജനറൽ ഡയറക്ടറേറ്റിന്റെ മുഖ്യ കാര്യാലയത്തിലായിരുന്നു ചടങ്ങ്. സർക്കാർ ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും തൊഴിൽ മേഖലയിൽ തുടർച്ചയായ പഠന സംസ്കാരം വളർത്തുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സഹകരണം. ജി.ഡി.ആർ.എഫ്.എ ദുബൈ ഹ്യൂമൻ റിസോഴ്സ് ആൻഡ് ഫിനാൻസ് സെക്ടർ അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ അവാദ് അൽ അവീം, മിഡിൽസെക്സ് യൂനിവേഴ്സിറ്റി പ്രോ വൈസ് ചാൻസലറും ഡയറക്ടറുമായ പ്രഫ. സെഡ്വിൻ ഫെർണാണ്ടസ് എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.അക്കാദമിക് നിലവാരവും പ്രായോഗിക പരിശീലനവും സംയോജിപ്പിച്ച് സ്പോർട്സ് മാനേജ്മെന്റിൽ ഒരു പ്രത്യേക ഡിപ്ലോമ പ്രോഗ്രാം ഈ കരാർ വഴി വികസിപ്പിക്കും. കായിക ഇനങ്ങളും പരിപാടികളും നൂതനമായി കൈകാര്യം ചെയ്യുന്നതിനുള്ള നൈപുണ്യവും അറിവും ജീവനക്കാർക്ക് പ്രോഗ്രാമിലൂടെ ലഭ്യമാക്കും. മിഡിൽസെക്സ് യൂനിവേഴ്സിറ്റിയുടെ അക്കാദമിക് മാനദണ്ഡങ്ങൾക്കനുസൃതമായി സംയുക്ത കരിക്കുലം രൂപകൽപന, വിജ്ഞാന വിനിമയം, മൂല്യനിർണയ സംവിധാനങ്ങൾ എന്നിവ കരാറിലൂടെ നടപ്പിലാക്കുമെന്ന് ജി.ഡി.ആർ.എഫ്.എ വിശദീകരിച്ചു. ജീവനക്കാരുടെ വികസനത്തിനാണ് വകുപ്പ് എപ്പോഴും മുൻഗണന നൽകുന്നതെന്ന് മേജർ ജനറൽ അവാദ് അൽ അവീം പറഞ്ഞു. ദുബൈയുടെ വികസന സ്വപ്നങ്ങൾക്കൊപ്പം നിൽക്കുന്ന, വിജ്ഞാനത്തിലൂന്നിയ ഒരു തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമിക് പ്രോഗ്രാം വികസിപ്പിക്കുന്നതിന് ജി.ഡി.ആർ.എഫ്.എയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പ്രഫ. സെഡ്വിൻ ഫെർണാണ്ടസും പ്രതികരിച്ചു. ദുബൈയുടെ സാമ്പത്തിക അജണ്ടയായ ഡി33യുമായി യോജിച്ച് പ്രവർത്തിക്കുന്ന ഈ സംരംഭം, സർക്കാർ സേവനങ്ങളിൽ നൂതനത്വം കൊണ്ടുവരാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.എ.ഇയുടെ വികസന കാഴ്ചപ്പാടുകൾക്കനുസൃതമായി മാനവവിഭവശേഷിയിൽ നിക്ഷേപം നടത്തുന്നതിനും ഭാവിയിലേക്കാവശ്യമായ നൈപുണ്യങ്ങൾ ജീവനക്കാരിൽ വളർത്തുന്നതിനും ഈ കരാർ വഴിയൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.