1.2 ലക്ഷം ദിര്‍ഹം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി
അബൂദബി: മുന്‍ തൊഴിലുടമക്കെതിരെ തൊഴിലാളി സമര്‍പ്പിച്ച നഷ്ടപരിഹാര പരാതി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് കോടതി തള്ളി. പിരിച്ചുവിടല്‍ കത്തിലൂടെ തനിക്ക് വന്നുചേര്‍ന്ന സാമ്പത്തിക നഷ്ടത്തിനും മാനഹാനിക്കും നഷ്ടപരിഹാരമായി 1.2 ലക്ഷം ദിര്‍ഹം ഈടാക്കി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി. അതേസമയം നിയമപരമായി നിലനില്‍ക്കില്ലെന്നു വ്യക്തമാക്കിയാണ് കോടതി പരാതി തള്ളിയത്. തൊഴില്‍സ്ഥാപനത്തിന്റെ ആഭ്യന്തര അന്വേഷണം പരാതിക്കാരന് അംഗീകരിച്ചിരുന്നുവെന്നും തനിക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള വിധം കമ്പനി നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെന്ന് തെളിയിക്കാന്‍ പരാതിക്കാരനായില്ലെന്നും കോടതി കണ്ടെത്തി.
മോശം പെരുമാറ്റം, കമ്പനി നയങ്ങളുടെ ഗുരുതര ചട്ടലംഘനം എന്നിവ ആരോപിച്ച് തന്നെ അകാരണമായി പിരിച്ചുവിടുകയായിരുന്നുവെന്നാണ് പരാതിക്കാരന് വാദിച്ചത്. ഈ പിരിച്ചുവിടല്‍ കത്ത് തനിക്ക് മാനഹാനിയും സാമ്പത്തിക, മാനസിക പ്രശ്നങ്ങളും ഉണ്ടാക്കിയെന്നും പരാതിക്കാരന് ചൂണ്ടിക്കാട്ടി.
കമ്പനി ആദ്യം നല്കിയ പിരിച്ചുവിടല്‍ നോട്ടീസും മന്ത്രാലയത്തിന്റെ മധ്യസ്ഥതയില്‍ നല്കിയ മറ്റൊരു പിരിച്ചുവിടല്‍ കത്തും പരാതിക്കാരന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.എന്നാല്‍ കമ്പനിക്കുവേണ്ടി കോടതിയിലെത്തിയ പ്രതിനിധി പരാതിക്കാരന്റെ വാദങ്ങളെ ഖണ്ഡിച്ചു. കേസ് തള്ളണമെന്നും തങ്ങളുടെ കോടതിച്ചെലവുകളും മറ്റും പരാതിക്കാരനെകൊണ്ട് എടുപ്പിക്കണമെന്നും കമ്പനി വാദിച്ചു. കമ്പനി നടത്തിയ ആഭ്യന്തര അന്വേഷണ റിപോര്‍ട്ടില്‍ പരാതിക്കാരന് ഒപ്പുവെച്ചിട്ടുള്ള കാര്യം കമ്പനി കോടതിയെ ബോധിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കോടതി പരാതി തള്ളുകയും കമ്പനിയുടെ കോടതിച്ചെലവുകളും മറ്റും വഹിക്കാന്‍ പരാതിക്കാരന് നിര്‍ദേശം നല്‍കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.