ദുബൈ: കാറും കോളും മാറി വിളവെടുപ്പിന് പാകപ്പെട്ട അവസ്ഥയിലാണ് കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണി. മൂന്ന് വർഷമായി പ്രതിസന്ധിയുടെ ചുഴിയിലകപ്പെട്ട റിയൽ എസ്റ്റേറ്റ് വിപണിയിൽ കഴിഞ്ഞ വർഷം മുതൽ പുത്തനുണർവ് പ്രകടമായിരുന്നു. ഈ മേഖലയുടെ സമ്പൂർണ തിരിച്ചുവരവിന് സാക്ഷ്യംവഹിക്കുന്ന വർഷമായിരിക്കും 2023 എന്നാണ് വിദഗ്ധാഭിപ്രായം.
അതുകൊണ്ടുതന്നെ, റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാനും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനും ലക്ഷ്യമിടുന്നവരെ ഇരുകൈയും നീട്ടി ആനയിക്കുകയാണ് 2023. ഇവർക്ക് നേർവഴി കാണിക്കാനും സുരക്ഷിത നിക്ഷേപത്തിന്റെ മാർഗങ്ങൾ പറഞ്ഞുകൊടുക്കാനും ‘ഗൾഫ് മാധ്യമം’ കമോൺ കേരളയിൽ പ്രോപർട്ടി ഷോ ഒരുക്കുന്നു. മേയ് 19, 20, 21 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന മഹാമേളയുടെ മൂന്ന് ദിനങ്ങളിലും റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്കെല്ലാം മറുപടി ലഭിക്കും. കേരളത്തിലെ മാത്രമല്ല, ഗൾഫിലെ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിന്റെ സാധ്യതകൾ കൂടി വിശദമാക്കുന്നതായിരിക്കും പ്രോപർട്ടി ഷോയിലെ ഓരോ പ്രദർശനങ്ങളും. പ്രശസ്തരായ ബിൽഡർമാർ അണിനിരക്കും. നാട്ടിലൊരു ചെറിയ കൂട് എന്നത് ഗൾഫിൽ ജോലി ചെയ്യുന്ന ഓരോ പ്രവാസിയുടെയും സ്വപ്നമാണ്. ഊണിലും ഉറക്കിലും വീട് സ്വപ്നം കാണുന്ന പ്രവാസിക്ക് പക്ഷേ, സ്ഥലം വാങ്ങലിലും വീടുപണിയിലും പലപ്പോഴും അടിതെറ്റാറുണ്ട്. പ്രവാസത്തിന്റെ തിരക്കിനിടയിൽ കൃത്യമായ അന്വേഷണം നടത്താതെ സ്ഥലം വാങ്ങിയും വീടു നിർമാണം ഏൽപിച്ചും പണം നഷ്ടപ്പെടുത്തുന്നവർ നിരവധിയാണ്. റിയൽ എസ്റ്റേറ്റിൽ വൻ നിക്ഷേപം നടത്താനൊരുങ്ങുന്ന ബിസിനസുകാർ പോലും കളമറിയാതെ പണമെറിഞ്ഞ് നഷ്ടത്തിൽ വീഴാറുണ്ട്.
കൃത്യമായ മാർഗനിർദേശങ്ങളില്ലാത്തതാണ് പലപ്പോഴും ഇത്തരം കുരുക്കുകളിൽ വീഴാൻ കാരണം. ഇത്തരം പ്രതിസന്ധികൾക്കെല്ലാം പരിഹാരമാണ് കമോൺ കേരളയിലെ പ്രോപർട്ടി ഷോ. കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ഏറ്റവും പുതിയ ട്രെൻഡും എവിടെയെല്ലാം നിക്ഷേപിക്കണമെന്ന അറിവും പകർന്നുനൽകുന്നതായിരിക്കും പ്രോപർട്ടി ഷോ. കേരളത്തിൽ വലുതും ചെറുതുമായ വീടുകൾ നിർമിക്കാനും ഫ്ലാറ്റുകൾ വാങ്ങിക്കാനും എന്തൊക്കെയാണ് നേർവഴി എന്ന് നേരിട്ടറിയാം. പ്രമുഖരായ ബിൽഡർമാർ അണിനിരക്കുന്ന പ്രോപർട്ടി ഷോയിലൂടെ സംശയങ്ങൾ നേരിട്ട് ചോദിക്കാനും അവസരങ്ങളുണ്ടാകും. ഭവന വായ്പകളെ കുറിച്ചും അതിലേക്കുള്ള വഴിയെ കുറിച്ചും അറിയാം. വസ്തു വാങ്ങാൻ മാത്രമല്ല, വിൽക്കാനുള്ള വഴികളും ഇവിടെ നിന്നറിയാം.
വിപണിയിലെ രാജാക്കൻമാരായ ഉപഭോക്താക്കൾക്ക് ഉചിതമായ ഓഫറുകൾ തിരഞ്ഞെടുക്കാനും വസ്തുക്കൾ സ്വന്തമാക്കാനുമുള്ള അവസരവും ഇവിടെയുണ്ടാവും. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഭൂമിയിൽ പണമിറക്കാൻ ആഗ്രഹിക്കുന്നവർക്കും മാർഗനിർദേശങ്ങൾ ലഭിക്കും. ഗൾഫിലെ ഏതൊരു ചലനവും കേരളത്തിലെ റിയൽ എസ്റ്റേറ്റിനെ ബാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ, ഗൾഫിലുള്ള ഓരോ ബിസിനസുകാരനും പ്രവാസിയും നിക്ഷേപകരും നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവരും സന്ദർശിക്കേണ്ട വേദിയാണ് പ്രോപർട്ടി ഷോ. https://cokuae.com എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.
‘കമോൺ കേരള’ അജ്മാൻ മേഖല ടിക്കറ്റ് വിതരണോദ്ഘാടനം യൂനിയൻ റോസ്റ്ററി എം.ഡി മൻസൂറിന് നൽകി സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി നിർവഹിക്കുന്നു. അൽ സിറാജ് എജുക്കേഷൻ പ്രിൻസിപ്പൽ ഡോ. പ്രദീപ് കുമാർ, ഫുഡ് ബുക്ക് മാനേജർ കുഞ്ഞുമുഹമ്മദ്, സലീംനൂർ, ഹമീദ് ചങ്ങരംകുളം, അഹമ്മദ് സഹീർ, ശരീഫ് കൊടുമുടി തുടങ്ങിയവർ സമീപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.