‘കമോൺ കേരള’ സമാപന വേദിയിൽ നടൻ മോഹൻലാലിന് ‘ഗൾഫ് മാധ്യമ’ത്തിന്‍റെ ഉപഹാരം ചീഫ് എഡിറ്റർ ഹംസ അബ്ബാസ് കൈമാറുന്നു. ഹോട്ട്പാക്ക് കോ ഫൗണ്ടറും ഗ്രൂപ്പ് എക്സി. ഡയറക്ടറുമായ പി.ബി സൈനുദ്ധീൻ, ജോയ് ആലുക്കാസ് ഇന്‍റർനാഷണൽ ഓപറേഷൻസ് മാർക്കറ്റിങ് മാനേജർ തോമസ് ആന്‍റണി, മാധ്യമം ജോയിന്‍റ് എഡിറ്റർ പി.ഐ നൗഷാദ്, ഒ- ഗോൾഡ് ചെയർമാൻ ബന്ദർ അൽ ഉസ്മാൻ, ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ബിസിനസ് ഡെവലപ്മെന്റ് ഹെഡ് സിറാജ് മുസ്തഫ, വി.എം.ആർ ഹോൾഡിങ്സ് ജനറൽ മാനേജർ മുഹമ്മദ് റൈഹാൻ, ഗൾഫ് മാധ്യമം സി.ഒ.ഒ സക്കരിയ മുഹമ്മദ് എന്നിവർ സമീപം
ഷാർജ: യു.എ.ഇയുടെ ഏഴ് എമിറേറ്റുകളിൽനിന്നും ഒഴുകിയെത്തിയ ജനസാഗരം ചരിത്രം കുറിച്ച സായാഹ്നത്തിൽ ‘കമോൺ കേരള’ ഏഴാം എഡിഷന് പ്രൗഢ സമാപനം. മലയാളത്തിന്‍റെ പ്രിയനടൻ മോഹൻലാലിന്‍റെ ആഗോള സ്വീകാര്യതയെ അടയാളപ്പെടുത്തിയ ‘ബിയോണ്ട് ദ ബൗണ്ടറീസ്’ എന്ന ചടങ്ങോടെയാണ് മേള അവസാനിച്ചത്. ജീവിതത്തിലെ അവിസ്മരണീയ ആദരമാണ് ‘കമോൺ കേരള’യിൽ ലഭിച്ചതെന്ന് മോഹൻലാൽ പറഞ്ഞു.
ഇന്ത്യ ലോകത്തിന്റെ ഹൃദയവും ബഹുസ്വരത ഇന്ത്യയുടെ ആത്മാവുമാണ്. ഇന്ത്യയെ എന്നും നെഞ്ചേറ്റിയവരാണ് അറേബ്യൻ നാടുകൾ. തീർച്ചയായും അഭിനയ ജീവിതത്തിൽ കിട്ടിയ വലിയ ഭാഗ്യമായി ഈ അവസരത്തെ കരുതുന്നു.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഒരുക്കുന്ന ഈ മേളയിൽ മലയാളത്തെയും ഇന്ത്യയെയും പ്രതിനിധീകരിച്ച് പങ്കെടുക്കാനായതിൽ ഏറെ അഭിമാനമുണ്ട് -മോഹൻലാൽ കൂട്ടിച്ചേർത്തു. ചടങ്ങിൽ മോഹൻലാലിന് ‘ഗൾഫ് മാധ്യമ’ത്തിന്‍റെ ഉപഹാരം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് കൈമാറി.
ഷാർജ എക്സ്പോ സെന്ററിൽ വെള്ളിയാഴ്ച ആരംഭിച്ച മേളയിൽ കഴിഞ്ഞ വർഷങ്ങളിലെ റെക്കോഡുകൾ തകർത്ത ജനക്കൂട്ടമാണ് ഇത്തവണ എത്തിച്ചേർന്നത്. രാവും പകലും വിനോദവും വിജ്ഞാനവും വാണിജ്യവും സംയോജിപ്പിച്ച പ്രദർശനങ്ങളും പരിപാടികളും ആസ്വദിക്കാൻ ജീവിതത്തിന്‍റെ നാനാതുറകളിൽ നിന്നുള്ളവർ എത്തിച്ചേർന്നു.
വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് പകൽ സമയം ചെലവഴിച്ചവർ, പ്രഗൽഭ ഗായകർ പങ്കെടുക്കുന്ന സംഗീതവിരുന്ന് ആസ്വദിച്ചാണ് മടങ്ങിയത്. ‘ലിറ്റിൽ ആർട്ടിസ്റ്റ്’, ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ, സിങ് ആൻഡ് വിൻ തുടങ്ങിയ മത്സരത്തിന് മികച്ച പ്രതികരണമാണ് ഇത്തവണ ലഭിച്ചത്.
ഗൾഫിൽനിന്നും ഇന്ത്യയിൽനിന്നും 200ഓളം സ്ഥാപനങ്ങളുടെ പ്രദർശന സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയത്. ഞായറാഴ്ച വേദിയിൽ ബിസിനസ് പ്രമുഖരെ ആദരിച്ച ഇന്ത്യൻ ബിസിനസ് ഐക്കൺ അവാർഡ്, ബിസിനസ് അച്ചീവ്മെന്റ് അവാർഡ്, അറേബ്യൻ ലെഗസി അവാർഡ് എന്നിവയും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.