ഷാര്‍ജ: മഞ്ഞണിഞ്ഞ ദിനരാത്രങ്ങള്‍ മരുഭൂമിയോട് യാത്ര പറഞ്ഞ് തുടങ്ങിയതോടെ വേനല്‍ രാജ്യത്തേക്ക് പ്രവേശിക്കാനാരംഭിച്ചു. യു.എ.ഇയിലെ ചില പ്രദേശങ്ങളില്‍ താപനില 33 ഡിഗ്രി കടന്നതായി കഴിഞ്ഞ ദിവസം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പകല്‍ സമയങ്ങളില്‍ വടക്കന്‍ കാറ്റിെൻറ സാന്നിധ്യമാണ് ചൂടിെൻറ കടന്ന് വരവിനെ പ്രതിരോധിക്കുന്നത്. എന്നാല്‍ വടക്കന്‍ കാറ്റ് അടുത്ത ദിവസങ്ങളില്‍ ഹജ്ജര്‍ പര്‍വ്വതങ്ങള്‍ കടക്കുമെന്ന സൂചന നല്‍കിയാണ് ഞായറാഴ്ച പകല്‍ പൊടിക്കാറ്റെത്തിയത്. രാജ്യത്തെ കാലാവസ്ഥ നിര്‍ണയത്തില്‍ പ്രമുഖ സ്ഥാനം പൊടിക്കാറ്റിനുണ്ട്. ഈന്തപ്പനകളിൽ കുലയിടുകയും പരാഗണം ആരംഭിച്ചതും വേനലിെൻറ വരവാണ് കുറിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചില വടക്കന്‍ മേഖലകളില്‍ മഴ ലഭിച്ചെങ്കിലും വാദികള്‍ വരണ്ട് കിടക്കുകയാണ്. വേനല്‍ കാലത്തും മഴ ലഭിക്കുന്ന പതിവുള്ളത് കാരണം കാര്‍ഷിക മേഖലകള്‍ പ്രതീക്ഷയിലാണ്. എന്നാല്‍ മാന്തോട്ടങ്ങള്‍ മഴ വരാതിരിക്കാനുള്ള പ്രാര്‍ഥനയിലുമാണ്.
നിറയെ പൂവിട്ട് നില്‍ക്കുന്ന മാവുകളെ മഴ ബാധിക്കും. കണ്ണിമാങ്ങ വിരിഞ്ഞാല്‍ പിന്നെ മഴ നല്ലതാണ്. വേനലിെൻറ തുടക്കം തന്നെ താപനില 33 ഡിഗ്രി കടന്നതോടെ റമദാന്‍ കടുത്ത ചൂടിലായിരിക്കും എന്നത് ഉറപ്പായി. ഇക്കുറിയും റമദാന്‍ പകലുകള്‍ക്ക് സമയ ദൈർഘ്യം കൂടുതലായിരിക്കും. ഉദയം നേരത്തെയാകുകയും അസ്തമയം വൈകുകയും ചെയ്യും. റമദാനിന് മാസങ്ങള്‍ ബാക്കി നില്‍ക്കെ പല ഭാഗത്തും പള്ളികളുടെ അറ്റകുറ്റ പണികളും ആരംഭിച്ചിട്ടുണ്ട്. വടക്കന്‍ മേഖലയില്‍ തോടുകളെല്ലാം വരണ്ട് കിടക്കുന്നത് കാരണം മലകളിലും മറ്റും വസിക്കുന്ന മൃഗങ്ങളും ദുരിതത്തിലാണ്. കുഴല്‍ കിണറുകളില്‍ നിന്ന് തോട്ടങ്ങളിലേക്ക് കൊണ്ട് പോകുന്ന വെള്ളമാണ് ഇവക്ക് ആശ്വാസം പകരുന്നത്. എന്നാല്‍ കുഴല്‍ കിണറുകള്‍ ഭൂഗര്‍ഭ ജലം ഊറ്റുകയാണെന്നാണ് പഴമക്കാരായ കര്‍ഷകര്‍ ആരോപിക്കുന്നത്. ഒരു കാലത്ത് ജലസമൃദ്ധമായിരുന്ന സാധാരണ കിണറുകള്‍ ഇപ്പോള്‍ വരണ്ട് കിടക്കാന്‍ കാരണം കുഴല്‍ കിണറുകളുടെ വ്യാപനമാണെന്നാണ് ഇവരുടെ വാദം.
നൂറ് കണക്കിന് സാധാരണ കിണറുകളാണ് വടക്കന്‍ മേഖലയിലുള്ളത്. കപ്പിയും കയറും ഉപയോഗിച്ചാണ് പണ്ട് കാലത്ത് ഇവയില്‍ നിന്ന് വെള്ളം എടുത്തിരുന്നത്. വെള്ളമുള്ളപ്പോള്‍ അതേ നില തുടരുന്ന ചില മേഖലകളുണ്ട്. വിര്‍ഗ പ്രതിഭാസം ഇപ്പോള്‍ മരുഭൂമിക്ക് അന്യമാണ്. ക്ല,ഡ് സീഡിങ് പ്രക്രിയ രാജ്യത്ത് വ്യാപകമായതാണ് ഇതിന് കാരണം. എന്നാല്‍ ഇതിനും മഴ മേഘങ്ങള്‍ കനിയേണ്ടതുണ്ട്. യു.എ.ഇയിലെ ചിറാപുഞ്ചി എന്ന് വിളിക്കുന്ന മസാഫി പ്രദേശവും വരള്‍ച്ചയിലാണ്. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കിണറുകളുള്ള മേഖലയാണ് മസാഫി. എന്നാല്‍ മഴയുടെ കുറവ് മസാഫിയെയും ബാധിച്ചിട്ടുണ്ട്. ഇനിയുള്ള പ്രതീക്ഷ അത്രയും വേനല്‍ മഴയിലാണ്. ഒരു കാലത്ത് നീരാവി നിറഞ്ഞ കാറ്റ് ഒമാന്‍, ഗള്‍ഫ് കടലുകള്‍ കടന്ന് യു.എ.ഇയില്‍ എത്തിയിരുന്നു. ഈ കാലത്ത് ഇവിടെ മഴ സുലഭമായിരുന്നു. അത് കണക്കിലെടുത്താണ് രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹിയാന്‍ വടക്കന്‍ മേഖലയില്‍ നിരവധി അണക്കെട്ടുകള്‍ നിര്‍മിച്ചത്. കാര്‍ഷിക മേഖലക്ക് ഇത് പുത്തനുണര്‍വ്വ് പകരുകയും ചെയ്തു. എന്നാല്‍ നീരാവിയുടെ അളവ് കാറ്റില്‍ കുറഞ്ഞതോടെയാണ് ഇവിടെ മഴയും കുറയാന്‍ കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.