????-?????? ?????????????? ???????????? ????? ????????? (?????)

വടക്കന്‍ കാറ്റിളകി; രാജ്യം തണുപ്പിലേക്ക്

ഷാര്‍ജ: ശൈത്യകാലത്തി​​െൻറ വരവറിയിച്ച് ഹജ്ജര്‍, ഫര്‍ഫാര്‍ മലകള്‍ താണ്ടി വടക്കന്‍ കാറ്റ് യു.എ.ഇയിലെത്തി. അറബിയില്‍ ശമാല്‍ എന്ന് വിളിക്കുന്ന ഈ കാറ്റിനോടൊപ്പം മഞ്ഞുമെത്തുന്നതോടെയാണ് ശൈത്യകാലത്തി​​െൻറ ശക്തമായ പിടിയിലേക്ക് രാജ്യം അമരുന്നത്. കാഴ്ച്ചകളെ പുതക്കുന്ന പുകമഞ്ഞാണ് വടക്കന്‍ കാറ്റിനോടൊപ്പം മലകടന്നെത്താറുള്ളത്. തിങ്കളാഴ്ചയാണ് കാറ്റ് വടക്ക്-പടിഞ്ഞാറ് മലകള്‍ കടന്ന് രാജ്യമാകെ പടര്‍ന്നത്. പലഭാഗത്തും താപനില താഴ്ന്നു. യു.എ.ഇയിലെ ഏറ്റവും വലിയ പര്‍വ്വതമായ ജബല്‍ ജെയ്സില്‍ താപനില 10 ഡിഗ്രിക്ക് താഴെയെത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കരയിലും കടലിലും കാറ്റി​​െൻറ താളം പ്രകടമാണ്. രാത്രികാല യാത്രയെ പ്രതികൂലമായി ബാധിക്കുന്നതാണ് പുകമഞ്ഞ്. കൂട്ടംകൂട്ടമായി സഞ്ചരിക്കുന്ന മേഘങ്ങളുടെ തനിസ്വരൂപമാണിത്.  

ദൂരകാഴ്ച പോയിട്ട് സമീപത്തെ വസ്തുക്കള്‍ പോലും കാണാനാകില്ല. യു.എ.ഇയിലെ ദീര്‍ഘദൂര റോഡുകളിലാണ് ഇവ  ഏറെ പ്രശ്​നം സൃഷ്​ടിക്കാറുള്ളത്. പുകമഞ്ഞില്‍ ചലിക്കാനാവാതെ റോഡില്‍  വാഹനങ്ങള്‍ നിറുത്തിയിടേണ്ടി വരും. എന്നാല്‍ ഇവയെ കാണാതെ എത്തുന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയും വലിയ അപകടങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യുന്നു. ദുബൈ-അബുദബി അതിര്‍ത്തിയിലെ ഗാന്‍തൂദാണ് പുകമഞ്ഞ് കാലത്ത് ഏറെ പേടിക്കേണ്ട ഭാഗം. മുന്‍കാലങ്ങളില്‍ പുകമഞ്ഞ് കാരണം നിരവധി അപകടങ്ങളാണ് ഈ ഭാഗത്ത് നടന്നിട്ടുള്ളത്. വടക്കന്‍ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന ഷാര്‍ജ- മലീഹ റോഡിലും, ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, ശൈഖ് ഖലീഫ ഫ്രീവേ, എമിറേറ്റ്സ് റോഡ്, ഷഹാമ- ഗുവൈഫാത്ത് റോഡുകളിലും മഞ്ഞ് കാലം അപകടങ്ങള്‍ തീര്‍ക്കാറുണ്ട്. 

നിലവില്‍ ഏറെ പേടിക്കേണ്ടത് ഷാര്‍ജ- മലീഹ റോഡാണ്. റോഡ് നിര്‍മാണവുമായി ഏര്‍പ്പെടുത്തിയിട്ടുള്ള ഗതാഗത നിയന്ത്രണങ്ങള്‍ അറിയാതെ, അറിഞ്ഞിട്ടും ശ്രദ്ധിക്കാതെ പോയാല്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകും. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് നടന്ന വാഹനാപകടത്തില്‍ മരിച്ചത് മൂന്ന് പേരാണ്. അന്തരീക്ഷത്തില്‍ നിന്ന് മരുഭൂമിയിലേക്ക് പാഞ്ഞടുക്കുന്ന പുകമഞ്ഞ് നിമിഷങ്ങള്‍ക്കകമാണ് വ്യാപിക്കുന്നത്. 

കെട്ടിടങ്ങളുള്ള ഭാഗത്താകട്ടെ ഇവയുടെ ശക്തി കുറയും. മരങ്ങളുള്ള ഭാഗത്തും മരുപ്രദേശങ്ങളിലും  ശക്തി ഇരട്ടിക്കും. 
രാത്രി യാത്ര ചെയ്യുന്നവര്‍ ഏത് നിമിഷവും മഞ്ഞിറങ്ങുമെന്ന ധാരണയില്‍ വേണം നിരത്തിലിറങ്ങാന്‍. പിറകില്‍ വരുന്ന വാഹനത്തി​​െൻറ ശ്രദ്ധ പതിയാനായി മുന്നറിയിപ്പ് ലൈറ്റുകള്‍ പ്രകാശിപ്പിച്ച് വേണം വാഹനം ഓടിക്കാന്‍. അമിത വേഗത, മറികടക്കല്‍, പെ​െട്ടന്നുള്ള പാതമാറ്റം എന്നിവ പൂര്‍ണമായി ഒഴിവാക്കണമെന്നാണ് മഞ്ഞ് കാലത്തെ പൊലീസ് മുന്നറിയിപ്പ്.  

Tags:    
News Summary - climates-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.