ദുബൈ: ദേശീയദിന ആഘോഷങ്ങളുടെ ഭാഗമായി പൗരന്മാരുടെ കടങ്ങൾ എഴുതിത്തള്ളാൻ 40 കോടി ദിർഹം അനുവദിച്ച് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. നാഷനൽസ് ഡിഫോൾട്ടഡ് ഡെബിറ്റ് സെറ്റിൽമെന്റ് ഫണ്ട് (എൻ.ഡി.ഡി.എസ്.എഫ്) ആണ് ശനിയാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന 1277 പൗരന്മാരുടെ കടങ്ങളാണ് എഴുതിത്തള്ളുക.
19 ബാങ്കിങ് സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രസിഡന്റിന്റെ നിർദേശ പ്രകാരം യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്റെ മേൽനോട്ടത്തിലായിരിക്കും നടപടികൾ പൂർത്തീകരിക്കുക.
അബൂദബി കൊമേഴ്സ്യൽ ബാങ്ക് (എ.ഡി.സി.ബി) ഗ്രൂപ്, അൽ ഹിലാൽ ബാങ്ക്, എമിറേറ്റ്സ് എൻ.ബി.ഡി, മഷ്റഖ് ബാങ്ക്, ഫസ്റ്റ് അബൂദബി ബാങ്ക് (എഫ്.എ.ബി), അബൂദബി ഇസ്ലാമിക് ബാങ്ക് (എ.ഡി.ഐ.ബി), ഷാർജ ഇസ്ലാമിക് ബാങ്ക്, ദുബൈ ഇസ്ലാമിക് ബാങ്ക്, കൊമേഴ്സ്യൽ ബാങ്ക് ഓഫ് ദുബൈ, ഇത്തിസലാത്ത്, അറബ് ബാങ്ക് ഫോർ ഇൻവെസ്റ്റേഴ്സ് ആൻഡ് ഫോറിൻ ട്രേഡ്, എമിറേറ്റ്സ് ഇസ്ലാമിക ബാങ്ക്, യുനൈറ്റഡ് അറബ് ബാങ്ക്, എച്ച്.എസ്.ബി.സി.
റാക് ബാങ്ക്, അംലാക് ഫിനാൻസ്, നാഷനൽ ബാങ്ക് ഓഫ് ഉമ്മുൽ ഖുവൈൻ, സിറ്റി ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടഡ് എന്നീ 19 ധനകാര്യ സ്ഥാപനങ്ങളാണ് ഈ ഉദ്യമത്തിൽ പങ്കാളികളാകുന്നത്. ജനങ്ങളുടെ സാമ്പത്തിക പ്രയാസങ്ങൾ നീക്കി സാമൂഹിക ക്ഷേമം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
പ്രസിഡന്റിനുകീഴിൽ പൗരന്മരുടെ ക്ഷേമത്തിനായുള്ള ഭരണാധികാരികളുടെ പ്രതിബദ്ധതയാണ് പദ്ധതി അടിവരയിടുന്നതെന്ന് സഹമന്ത്രിയും എൻ.ഡി.ഡി.എസ്.എഫിന്റെ സുപ്രീംകമ്മിറ്റി ചെയർമാനുമായ ജാബിർ മുഹമ്മദ് ഘാനിം അൽ സുവൈദി പറഞ്ഞു.
കുറഞ്ഞ വരുമാനമുള്ളവർ, ജോലിയിൽ നിന്ന് വിരമിച്ചവർ, മുതിർന്ന പൗരന്മാർ എന്നിവർ ഉൾപ്പെടെ വ്യത്യസ്ത ഗുണഭോക്താക്കൾക്ക് സഹായം നൽകുന്നതിൽ ശൈഖ് മൻസൂറിന്റെ ആത്മാർഥമായ പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. പൗരന്മാരുടെ സാമൂഹിക ക്ഷേമത്തിനും സമൂഹത്തിന്റെ സ്ഥിരതക്കും സംഭാവന ചെയ്യുന്ന ബാങ്കുകളുടെ പ്രവൃത്തിയെയും അദ്ദേഹം അഭിനന്ദിച്ചു.
ഷാർജ: ദേശീയദിനം പ്രമാണിച്ച് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എമിറേറ്റിൽ പൊതു പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ഷാർജ അധികൃതർ അറിയിച്ചു. നീല അടയാള ചിഹ്നങ്ങളുള്ള പണമടച്ചുള്ള പാർക്കിങ് മേഖലകൾക്ക് തീരുമാനം ബാധകമല്ല. ബുധനാഴ്ച മുതൽ പൊതു പാർക്കിങ്ങിന് പണം നൽകണം. ദുബൈയിലും ബഹുനില കെട്ടിടങ്ങളിലെ പാർക്കിങ്ങുകൾ ഒഴികെയുള്ള പൊതു പാർക്കിങ് സ്ഥലങ്ങൾ അവധി ദിനങ്ങളിൽ സൗജന്യമാക്കിയിട്ടുണ്ട്.
റാസൽഖൈമ: ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഗതാഗത പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് റാസൽഖൈമ ആഭ്യന്തര മന്ത്രാലയം. നേരത്തേ അജ്മാൻ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിലെ ഗതാഗത പിഴകൾക്ക് അധികൃതർ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. ഡിസംബർ ഒന്നു മുതൽ 31 വരെ കാലയളവിലാണ് ഗതാഗത പിഴകളിൽ 50 ശതമാനം ഇളവ് ലഭിക്കുകയെന്ന് റാക് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.