ദുബൈ: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിവരുന്ന ഗൾഫ് പര്യടനം വെറും പ്രഹസനമാണെന്നും പ്രവാസികൾക്ക് യാതൊരു ഉപകാരവുമില്ലാത്തതാണെന്നും ദുബൈ കെ.എം.സി.സി സംസ്ഥാന പ്രവർത്തകസമിതി യോഗം അഭിപ്രായപ്പെട്ടു.
മുമ്പ് നടത്തിയ സന്ദർശനത്തിൽ വാഗ്ദാനപ്പെരുമഴ തീർത്ത മുഖ്യമന്ത്രി ഒമ്പതര വർഷം പിന്നിട്ടിട്ടും ഇതുവരെ അതൊന്നും പാലിച്ചിട്ടില്ലെന്ന് സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
യു.എ.ഇയിൽ മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളിൽനിന്നും വിട്ടുനിൽക്കാൻ കെ.എം.സി.സി തീരുമാനിച്ചു. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും പടിവാതിൽക്കൽ എത്തിനിൽക്കെ നടത്തുന്ന ഈ നാടകം തിരിച്ചറിയാൻ പ്രവാസി സമൂഹത്തിന് കഴിയുമെന്ന് സംസ്ഥാന പ്രവർത്തക സമിതി യോഗം വ്യക്തമാക്കി. യോഗത്തിൽ പ്രസിഡന്റ് ഡോ. അൻവർ അമീൻ അധ്യക്ഷതവഹിച്ചു.
ജനറൽ സെക്രട്ടറി യഹ്യ തളങ്കര സ്വാഗതം പറഞ്ഞു. ട്രഷറർ പി.കെ. ഇസ്മായിൽ, വൈസ് പ്രസിഡന്റുമാരായ ഇസ്മായിൽ ഏറാമല, കെ.പി.എ സലാം, ഇബ്രാഹിം മുറിച്ചാണ്ടി, അബ്ദുല്ല ആറങ്ങാടി, മുഹമ്മദ് പട്ടാമ്പി, ഹംസ തൊട്ടി, ഒ. മൊയ്തു, യാഹുമോൻ ചെമ്മുക്കൻ, അബ്ദുസമദ് എടക്കുളം, സെക്രട്ടറിമാരായ അഫ്സൽ മെട്ടമ്മൽ, ആർ.ഷുക്കൂർ, അബ്ദുസമദ് ചാമക്കാല, അഹ്മദ് ബിച്ചി, ഷഫീക് സലാഹുദ്ദീൻ സംസാരിച്ചു. സെക്രട്ടറി റഈസ് തലശ്ശേരി നന്ദി പറഞ്ഞു.
ജില്ല പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. എസ്.ഐ.ആർ നടപ്പിലായതിനെ തുടർന്ന് പ്രവാസി വോട്ടുകൾ ചേർക്കുന്നതിന് പ്രത്യേക ഹെൽപ് ഡെസ്ക് തുടങ്ങി പ്രവർത്തനം നടത്താൻ യോഗം തീരുമാനിച്ചു.
സ്പോർട്സ് മീറ്റ്, ആർട്സ് ഫെസ്റ്റ്, ലിറ്ററേച്ചർ ഫെസ്റ്റ്, ദുബൈ റണിൽ പങ്കെടുക്കൽ എന്നിങ്ങനെ വിവിധ പരിപാടികൾ നടക്കും.
ഇതിനായി നവംബർ നാലിന് കെ.എം.സി.സി ഓഡിറ്റോറിയത്തിൽ വിപുലമായ സ്വാഗതസംഘം രൂപവത്കരണ കൺവെൻഷൻ വിളിച്ചുചേർക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.