ദുബൈയിൽ ‘ഓർമ’ സംഘടിപ്പിച്ച കേരളോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: കിഫ്ബിയുടെ മസാല ബോണ്ടിൽ ഇ.ഡി നോട്ടീസ് ലഭിച്ചതിന് പിന്നാലെ കിഫ്ബിയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ പശ്ചാത്തലസൗകര്യവികസനത്തിന് സമാന്തര സാമ്പത്തിക സ്രോതസ്സ് കണ്ടെത്താനാണ് കിഫ്ബി രൂപത്കരിച്ചത്. സംസ്ഥാനത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിന് ഒന്നരലക്ഷം കോടി രൂപ കിഫ്ബി വഴി ചെലവിട്ടു. ദേശീയപാത വികസനത്തിന് മാത്രം 5600 കോടി രൂപ നൽകിയത് കിഫ്ബി പണം ഉപയോഗിച്ചാണ് എന്നും അദ്ദേഹം പറഞ്ഞു. ദുബൈയിൽ ‘ഓർമ’ കേരളോത്സവം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയദിനം ആഘോഷിക്കുന്ന യു.എ.ഇക്കും ജനതക്കും അദ്ദേഹം ആശംസകൾ അറിയിച്ചു.
എല്ലാ മേഖലകളിലും വലിയ മാറ്റത്തിന്റെ പാതയിലാണ് കേരളം. അടിസ്ഥാനസൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതികവിദ്യകൾ തുടങ്ങി എല്ലാ മേഖലകളിലും വലിയ വികസനം കൊണ്ടുവരാൻ കേരളത്തിന് കഴിഞ്ഞു. ആരോഗ്യരംഗത്ത് അമേരിക്കയെ പോലും കവച്ചുവെക്കുന്ന പ്രകടനം നടത്താൻ കേരളത്തിനായി. കോവിഡ് മഹാമാരി കാലത്ത് വൻകിട രാജ്യങ്ങൾ പോലും മുട്ടുകുത്തിയപ്പോൾ കേരളത്തിന് ഒന്നും സംഭവിച്ചില്ല.
ആരോഗ്യരംഗത്ത് കേരളം നേടിയ മികച്ച വികസനത്തിലൂടെയാണ് അത് സാധിച്ചത്. 2045ൽ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിച്ച വിഴിഞ്ഞം പദ്ധതി 2028ൽ തന്നെ പൂർത്തിയാക്കും. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് ഔട്ടർ റിങ് റോഡ് നിർമിക്കും. 2016ൽ അധികാരത്തിൽ വരുമ്പോൾ കേരളത്തിന്റെ അവസ്ഥ പരിതാപകരമായിരുന്നു. ആ അവസ്ഥയിൽ നിന്ന് കേരളത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്തമാണ് ജനങ്ങൾ സർക്കാറിനെ ഏൽപിച്ചത്. അതാണ് എല്ലാവരും സർക്കാറിൽ നിന്ന് പ്രതീക്ഷിച്ചത്. ദേശീയപാത യാഥാർഥ്യമാകില്ലെന്നായിരുന്നു പലരും കണക്കുകൂട്ടിയിരുന്നത്. എന്നാൽ, എൽ.ഡി.എഫ് സർക്കാറാണ് 2016ൽ പദ്ധതി പ്രാവർത്തികമാക്കാനുള്ള നടപടികൾ ആരംഭിച്ചത്. 5000 കോടി രൂപയാണ് പൊതുവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിനായി ചെലവഴിച്ചത്. 20,00ൽപരം സ്കൂളുകൾ നവീകരിച്ചു. ഏഴ് വൻകിട പദ്ധതികൾക്ക് 20,000 കോടി രൂപ ചെലവഴിച്ച് ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. കേരളത്തിൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം തുടങ്ങുന്നതിന് പദ്ധതി ആരംഭിച്ചിട്ടുണ്ട്.
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായി സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു. വയനാട് തുരങ്കപാതയുടെ നടപടികളും പുരോഗമിക്കുകയാണ്. നിശ്ചിതസമയത്തിനകം അത് പൂർത്തിയാക്കും. കൊച്ചി വാട്ടർ മെട്രോയെ രാജ്യം മാതൃയാക്കുകയാണ്. എല്ലാ മേഖലകളിലും പുരോഗമനത്തുടർച്ചയാണ് കേരളം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി, ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഡോ. കെ.പി. ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.