ദുബൈ: കോവിഡ് 19 അനുബന്ധ യാത്രാ നിയന്ത്രണങ്ങൾ മൂലം നാട്ടിലേക്ക് മടങ്ങാൻ കഴിയാതെപോയ കൽപകഞ്ചേരി - തിരൂർ പ്രദേശവാസികളെ തിരിച്ചെത്തിക്കുന്നതിന് ഒരുമ കൽപകഞ്ചേരി ചാർട്ടർ ചെയ്ത വിമാനം റാസൽ ഖൈമ എയർപോർട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്രയായി. ഒരുമയുടെ മുഖ്യ രക്ഷാധികാരിയും റീജൻസി ഗ്രുപ്പ് ചെയർമാനുമായ ശംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ വിമാനം ഫ്ലാഗ് ഓഫ് ചെയ്തു.
ഒരുമ കൽപകഞ്ചേരി പ്രസിഡൻറ് ബഷീർ പടിയത്ത്, ടീം തിരുർ കോവിഡ് -19 ഹെൽപ് ഡെസ്ക് ചെയർമാനും റീജൻസി ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ ഡോ. അൻവർ അമീൻ ചേലാട്ട് , അബ്ദുൽവാഹിദ് മയ്യേരി, റാഷിദ് അസ്‌ലം ബിൻ മുഹിയുദ്ധീൻ, അബ്ദുസ്സുബ്ഹാൻ ബിൻ ശംസുദ്ധീൻ, പി.കെ അൻവർ നഹ, സിദ്ദീഖ് കാലടി, സീതി പടിയത്ത്, സലാഹ് എ.പി എന്നിവർ സംബന്ധിച്ചു.
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയ ചാർട്ടേഡ് വിമാനത്തിൽ ഗർഭിണികൾ, ഗുരുതര ആരോഗ്യ പ്രശ്നങ്ങളാൽ അത്യാവശ്യ ചികിത്സ തേടേണ്ടവർ, സന്ദർശന വിസയിൽ എത്തി വിസ കാലാവധി കഴിഞ്ഞവർ, തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നവർ വഴിതേടിയവർ എന്നിവർക്കാണ് മുൻഗണന നൽകിയത്. 175 മുതിർന്ന യാത്രക്കാരും എട്ടു കുട്ടികളുമടക്കം 183 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ടീം തിരൂർ അംഗങ്ങൾക്ക് വേണ്ടി നിശ്ചിത സീറ്റും വിമാനത്തിൽ ഒരുക്കിയിരുന്നു.
കൽപകഞ്ചേരി പഞ്ചായത്തിൽ നിന്നുള്ള തൊണ്ണൂറോളം യാത്രക്കാർക്ക് പുറമെ തിരൂർ മുൻസിപ്പാലിറ്റിയിൽ നിന്നും, മറ്റു പഞ്ചായത്തുകളിൽ നിന്നുള്ള അർഹരായവരും ഉൾപ്പെട്ടിട്ടുണ്ട്. ഒരുമ ഭാരവാഹികളായ സക്കീർ ഹുസ്സയിൻ, ഇഖ്ബാൽ പന്നിയത്ത്, ഇബ്രാഹിം കൂട്ടി, ഇഖ്ബാൽ പള്ളിയത്ത്, മജീദ് ഫാൽക്കൺ, ഇബ്രാഹിം കെ.പി., ഹാഷിർ കള്ളിയത്ത്, ഷഫീഖ്, സൈതലവി കെ പി. ജലീൽ, ടീം തിരൂർ ഭാരവാഹികളായ ഷാഫി തിരുർ, അബ്ദുൽ വഹാബ്, വിജയൻ വാരിയത്ത്, ഹാരിസ്, സഹീർ അടിപ്പാട്ട് തുടങ്ങിയവരാണ് അനുബന്ധ പ്രവർത്തനങ്ങൾ ചുക്കാൻ പിടിച്ചത്. നാട്ടിലെത്തുന്ന യാത്രക്കാർക്ക് ആവശ്യമായ ബസ്സ്, ആംബുലൻസ് യാത്ര, ക്വാറൻറീൻ സൗകര്യം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.