സി.ബി.എസ്.ഇ: തീരുമാനം വൈകുന്നു, രക്ഷിതാക്കളും ആശങ്കയിൽ

അബൂദബി: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ സംബന്ധിച്ച തീരുമാനം നീളുന്നതിനാൽ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ. ഉപരിപഠനത്തിന് ഇന്ത്യയിലെയൊ മറ്റു വിദേശ രാജ്യങ്ങളിലെയൊ സർവകലാശാലകളിൽ പ്രവേശനം ഉറപ്പാക്കാനോ പ്രൊഫഷണൽ കോഴ്സ്​, പ്രവേശന പരീക്ഷ ഒരുക്കങ്ങൾക്കോ കഴിയാത്തത്​ ആശങ്ക വർധിപ്പിക്കുന്നു. കോവിഡ് പകർച്ചവ്യാധിക്കിടയിൽ ജോലി നഷ്​ടപ്പെട്ട രക്ഷിതാക്കൾക്ക് മക്കളുടെ പരീക്ഷതീയതി സംബന്ധിച്ച അനിശ്ചിതത്വത്തിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത പ്രശ്‌നങ്ങളുമുണ്ട്.

പരീക്ഷ നടത്തിപ്പു സംബന്ധിച്ച് വിവിധ സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾ ഇനിയും കാത്തിരിക്കുന്ന കേന്ദ്രസർക്കാർ ഇതുവരെ വ്യക്തമായ തീരുമാനം കൈക്കൊണ്ടിട്ടില്ല. ജൂൺ ഒന്നിനു പരീക്ഷ സംബന്ധിച്ച തീരുമാനമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, തിയറി പരീക്ഷ പൂർത്തിയാക്കിയ കേരള സിലബസിലുള്ള 12-ാം ക്ലാസിലെ പ്രാക്ടിക്കൽ പരീക്ഷ ജൂൺ 21 മുതൽ നടക്കുമെന്ന് അബൂദബി മോഡൽ സ്‌കൂൾ പ്രിൻസിപ്പൽ ഡോ.വി.വി. അബ്​ദുൽ കാദർ അറിയിച്ചു.

കോവിഡ് വ്യാപന സാഹചര്യത്തിൽ സി.ബി.എസ്.ഇ 12 -ാം ക്ലാസ് പരീക്ഷയുടെ സമയ ദൈർഘ്യത്തിൽ പോലും മാറ്റം വന്നേക്കാമെന്ന് അബൂദബി സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ഷീല ജോൺ ചൂണ്ടിക്കാട്ടുന്നു. മൾട്ടി ചോയിസ്, ഹ്രസ്വ ഉത്തരം എന്നീ രീതിയോടെ മൂന്നു മണിക്കൂർ പരീക്ഷക്കു പകരം ഒന്നര മണിക്കൂറായി ചുരുക്കാനുള്ള സാധ്യതയുണ്ട്. പരീക്ഷ അനിശ്​ചിതമായി വൈകുന്നത് ഗൾഫിലെ സ്‌കൂളുകളിലെ വിദ്യാർഥികളിൽ ഏറെ പ്രതിസന്ധി ഉണ്ടാക്കുന്നതായും അവർ പറഞ്ഞു.

കോവിഡ് മൂലം തൊഴിൽ നഷ്​ടപ്പെട്ട് ഒട്ടേറെ രക്ഷിതാക്കൾ നാട്ടിലേക്ക് മടങ്ങി. സ്‌കൂളിലെ ആറോളം വിദ്യാർഥികളാണ് നാട്ടിലേക്ക് പോയാൽ പരീക്ഷ എഴുതാനുള്ള സെൻറർ കിട്ടുമോ എന്ന ആശങ്കയിൽ മടങ്ങിയത്. എന്നാൽ, നാട്ടിൽ ഇവർക്ക് ഫൈനൽ പരീക്ഷ എഴുതാനുള്ള സെൻറർ സി.ബി.എസ്.ഇ അനുവദിച്ചു. അതിനുള്ള പ്രത്യേക വ്യവസ്ഥ ആശ്വാസമാണ്.

അബൂദബി പ്രൈവറ്റ് ഇൻറർനാഷണൽ സ്‌കൂൾ 12-ാം ക്ലാസ് പരീക്ഷക്കു കാത്തിരിക്കുന്നവർക്ക് ഒന്നര മണിക്കൂർ പ്രതിദിന ഓൺലൈൻ പരിശീലനവും സംശയ നിവാരണവും നൽകിവരുന്നതായി വൈസ് പ്രിൻസിപ്പൽ സുരേഷ് ബാലകൃഷ്ണൻ പറഞ്ഞു. പരീക്ഷ നടത്തിയേ തീരൂ എന്ന പിടിവാശിക്കു പകരം പത്താം ക്ലാസ് പരീക്ഷക്കുണ്ടാക്കിയ മൂല്യ നിർണയരീതിക്ക്​ സമാനമായി 12-ാംക്ലാസ് ഫൈനൽ പരീക്ഷക്കും ശാസ്ത്രീയ മൂല്യനിർണയ രീതി അവലംബിക്കുന്നതാവും ഉചിതമെന്ന്​ മാനേജ്​മെൻറുകളും അഭിപ്രായപ്പെടുന്നു.

10ാം ക്ലാസ്​ മൂല്യനിർണയത്തിന്​ സ്​കൂളുകൾ തയാർ

10ാം ക്ലാസ് പരീക്ഷ ബോർഡ് നേരത്തെ റദ്ദാക്കിയിരുന്നു. 10 ാം ക്ലാസ് വിദ്യാർഥികളുടെ പഠന നിലവാര നിർണയം സംബന്ധിച്ച റിപ്പോർട്ട് അടുത്ത മാസം 30നു മുമ്പ് സ്‌കൂളുകൾ സി.ബി.എസ്.ഇ വെബ്‌സൈറ്റിൽ അപ​്​ലോഡ് ചെയ്യണമെന്ന് ബോർഡ് നിർദേശിച്ചിട്ടുണ്ട്. ഇതിന്​ പ്രത്യേക റിസൽറ്റ് ടാബുലേഷൻ കമ്മിറ്റി ഓരോ സ്‌കൂളുകളിലും ഉടൻ രൂപവത്​കരിക്കണം. അതത് സ്‌കൂളുകളിലെ ഇംഗ്ലീഷ്, കണക്ക്, സയൻസ്, സോഷ്യൽ സയൻസ്, ലാംഗ്വേജ് എന്നീ വിഷയങ്ങളിലെ ഓരോ വിദഗ്ധരടങ്ങുന്ന അഞ്ചംഗങ്ങൾക്കു പുറമെ മറ്റ്​ സ്‌കൂളിൽ നിന്നും രണ്ടുപേരും ഉൾപ്പെടുന്നതാണ് റിസൽറ്റ് ടാബുലേഷൻ കമ്മിറ്റി. പുറത്തെ സ്‌കൂളുകളിൽ നിന്നുള്ള രണ്ട് പേർ സമിതി അംഗങ്ങളായെത്തുന്ന സ്‌കൂളിൽ നിന്ന് ആ സ്‌കൂളിലേക്ക് സമിതി അംഗങ്ങളെ അയക്കരുതെന്ന കർശന നിബന്ധനയും സി.ബി.എസ്.ഇ നൽകുന്നു. സുതാര്യത ഉറപ്പാക്കാനാണിത്.

മുൻ വർഷത്തെ പരീക്ഷയിൽ ഏറ്റവും മികച്ച ഫലം ലഭിച്ച മൂന്നു വിഷയത്തി​െൻറ ശരാശരി മാർക്ക് മറികടക്കാത്തതാവണം വിദ്യാർഥികളുടെ വ്യക്തിഗത മൂല്യനിർണയം. കഴിഞ്ഞ മൂന്നു വർഷത്തെ റിസൽറ്റി​െൻറ ശരാശരി ഫലം ഉൾപ്പെടുത്തി 100ൽ 80 മാർക്ക് ഈ സമിതിക്ക് ഈ രീതിയിൽ നിശ്ചയിക്കാം. ഇതുകൂടാതെ ഇൻറേണൽ അസസ്‌മെൻറിന് പരമാവധി 20 മാർക്കും നൽകാമെന്ന് സി.ബി.എസ്.ഇ നിർദ്ദേശിക്കുന്നു.

മുൻ വർഷത്തെ ഹിസ്‌റ്റോറിക്കൽ ഡാറ്റയുടെയും ഇൻറേണൽ മാർക്കി​െൻറയും അടിസ്ഥാനത്തിലുള്ള മൂല്യ നിർണയം പല സ്‌കൂളുകളിലും പരാതികളും പരിഭവങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതായി അബൂദബി പ്രൈവറ്റ് ഇൻറർനാഷണൽ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ സുരേഷ് ബാലകൃഷ്ണൻ ചൂണ്ടിക്കാണിക്കുന്നു.ഫൈനൽ പരീക്ഷക്ക് തയാറെടുത്ത് മികച്ച പുരോഗതി നേടിയ കുട്ടികൾക്ക് ഈ മൂല്യനിർണയം ഗുണകരമാകില്ല.

Tags:    
News Summary - CBSE: Decision delayed, parents worried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.