ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ അബൂദബി ഖസ്ർ അൽ
വത്നിൽ ചേർന്ന മന്ത്രിസഭയോഗം
ദുബൈ: കഴിഞ്ഞ 20വർഷത്തെ യു.എ.ഇ മന്ത്രിസഭയുടെ പ്രവർത്തനങ്ങളെ വിലയിരുത്തി കാബിനറ്റ് യോഗം. അബൂദബി ഖസ്ർ അൽ വത്നിൽ തിങ്കളാഴ്ച ചേർന്ന യോഗത്തിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അധ്യക്ഷത വഹിച്ചു.
16,000ത്തിലധികം തീരുമാനങ്ങളും ആയിരക്കണക്കിന് ടാസ്ക് ഫോഴ്സുകളും 1.1 ട്രില്യൺ ദിർഹമിലധികം മൂല്യമുള്ള ബജറ്റുകളും വഴി ഫെഡറൽ ഗവൺമെന്റ് രാജ്യത്തുടനീളമുള്ള സർക്കാർ പ്രവർത്തനങ്ങളെ പുനർനിർമിച്ചതായി യോഗശേഷം അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. സേവനങ്ങൾ ലളിതമാക്കുക, നിയമനിർമാണം അവലോകനം ചെയ്യുക, സാങ്കേതിക, നിക്ഷേപ, വെർച്വൽ, നിയമ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുക, കാര്യക്ഷമതയും ഭാവി ആവശ്യങ്ങളും അടിസ്ഥാനമാക്കി രാജ്യത്തെ വികസനത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് മാറ്റുക എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നേതൃത്വത്തിൽ യു.എ.ഇ വികസനത്തിന്റെ ഒരു മാതൃക സ്ഥാപിച്ചു. ഈ അസാധാരണ യാത്രയിലൂടെ, പൗരന്മാരുടെ ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പാർപ്പിടം എന്നിവയുൾപ്പെടെ 280 ലധികം വികസന സൂചകങ്ങളിൽ യു.എ.ഇ ഇപ്പോൾ ആഗോള നേതൃത്വത്തിൽ ഇടം നേടിയിട്ടുണ്ട്-ശൈഖ് മുഹമ്മദ് പറഞ്ഞു. കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന സാമ്പത്തിക കണ്ണി എന്ന നിലയിൽ രാജ്യം അതിന്റെ പങ്ക് ശക്തിപ്പെടുത്തുന്നത് തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബൈ ഭരണാധികാരിയായി ചുമതലയേറ്റ് 20 വർഷങ്ങൾ പൂർത്തിയാകുന്ന പശ്ചാത്തലത്തിലാണ് മന്ത്രസഭ യോഗം ചേർന്നത്. കഴിഞ്ഞദിവസം യു.എ.ഇ പ്രസിഡൻറിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ സേവനമനുഷ്ഠിച്ച നിലവിലുള്ളതും നേരത്തെയുള്ളതുമായ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2006 ജനുവരി നാലിനാണ് സഹോദരൻ ശൈഖ് മക്തൂം ബിൻ റാശിദിന്റെ നിര്യാണത്തെ തുടർന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ഭരണാധികാരം ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.