ദുബൈ: പ്രതിദിനം പതിനായിരങ്ങൾ പ്രയോജനപ്പെടുത്തുന്ന ദുബൈ മെട്രോ കൂടുതൽ ഹൈടെക്കാവുന്നു. മെട്രോ യാത്രക്കാർക്ക് കാത്തിരിപ്പില്ലാതെ സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതിന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) നിർമിതബുദ്ധി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു. ഏറ്റവും തിരക്കുള്ള സമയം കണ്ടെത്തി യാത്രക്കാർക്ക് നിർദേശം നൽകുന്നതിനായി നിർമിതബുദ്ധി, സിമുലേറ്റർ എന്നിവ പ്രയോജനപ്പെടുത്തിയുള്ള പുതിയ പദ്ധതിയുടെ പരീക്ഷണം തുടങ്ങിയതായി ആർ.ടി.എ അറിയിച്ചു. മെട്രോയുടെ സേവനം കൂടുതൽ പേരിലെത്തിക്കുന്നതിനും കാത്തിരിപ്പുകളോ ബുദ്ധിമുട്ടുകളോ ഇല്ലാത്ത സുഖകരമായ യാത്ര ഉറപ്പാക്കുന്നതിനുമായാണ് പുതിയ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നത്.
ഇൗ സാങ്കേതികവിദ്യ മെട്രോ സ്റ്റേഷനുകളിലും പൊതു ഇവൻറുകളിലും തിരക്കേറിയ സമയങ്ങളിൽ ക്രൗഡ് മാനേജ്മെൻറിന് സഹായകരമാകും. മെട്രോ യാത്രക്കാരുടെ ആവശ്യങ്ങളോട് പ്രതികരിക്കുന്ന മികച്ചതും സംവേദനാത്മകവുമായ സംവിധാനം വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സേവനം ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന സമയം മനസ്സിലാക്കുകയും തിരക്ക് നിയന്ത്രിക്കുന്നതിന് ക്രമീകരണം നടത്തുകയും ചെയ്യുന്നതിലൂടെ മെട്രോ യാത്രക്കാർക്ക് സൗകര്യപ്രദമായ മറ്റൊരു സമയം നിർദേശിക്കാൻ പദ്ധതി യാഥാർഥ്യമാകുന്നതോടെ സാധ്യമാകുമെന്ന് കോർപറേറ്റ് ടെക്നോളജി സപ്പോർട്ട് സർവിസസ് സെക്ടറിലെ സ്മാർട്ട് സർവിസസ് എക്സിക്യൂട്ടിവ് ഡയറക്ടർ അഹമ്മദ് മഹ്ബൂബ് പറഞ്ഞു.
മെട്രോ ഉപയോക്താക്കളുടെ യാത്രകൾ, നോൾ കാർഡുകളുടെ ഡേറ്റ, മെട്രോ ഡിമാൻഡ് അൽഗോരിതം എന്നിവ സമന്വയിപ്പിച്ചാണ് സാങ്കേതികവിദ്യയിലൂടെ ഏറ്റവും തിരക്കേറിയ സമയം നിർണയിക്കുന്നത്. ഭാവിയിൽ കൂടുതൽ മെട്രോ റൂട്ടുകളും ഇരട്ടിയോളം യാത്രക്കാരെയും പ്രതീക്ഷിക്കുന്നതിനാൽ തിരക്ക് നിയന്ത്രണം പ്രധാന ആവശ്യമാണെന്നാണ് ആർ.ടി.എ വിലയിരുത്തൽ. പുതിയ പദ്ധതി യാഥാർഥ്യമാകുന്നതോടെ കാത്തിരിപ്പിെൻറ സമയം 40 മുതൽ 80 ശതമാനം വരെ കുറക്കാനാവും.
പദ്ധതിയുടെ സാധ്യതകൾ പരിശോധിക്കുന്നതിനും സമീപഭാവിയിൽ പദ്ധതി ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനുമായുള്ള അവലോകനത്തിലാണ് ആർ.ടി.എ എന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.