ദുബൈ: ലോകത്തെ പ്രമുഖ കെട്ടിട, നിർമാണ കമ്പനികൾ പങ്കെടുക്കുന്ന ബിഗ് 5 ഗ്ലോബൽ എക്സിബിഷന്റെ 46ാമത് എഡിഷന് തിങ്കളാഴ്ച ദുബൈയിൽ തുടക്കമാവും. നവംബർ 27 വരെ ദുബൈ വേൾഡ് ട്രേഡ് സെന്ററിലാണ് പ്രദർശനം. യു.എ.ഇ ഊർജ-അടിസ്ഥാനവികസന മന്ത്രാലയം, സാമ്പത്തിക-ടൂറിസം മന്ത്രാലയം, ദുബൈ മുനിസിപ്പാലിറ്റി, ദുബൈ സിവിൽ ഡിഫൻസ്, അബൂദബി ഡിപാർട്ട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട്, റാസൽഖൈമ മുനിസിപ്പാലിറ്റി, റിയാദ് റീജിയൻ മുനിസിപ്പാലിറ്റി, ദുബൈ ലാൻഡ് ഡിപാർട്ട്മെന്റ് എന്നിവയുടെ പിന്തുണയോടെ നടക്കുന്ന എക്സിബിഷനിൽ 2800 കമ്പനികൾ 60,000 വിത്യസ്തങ്ങളായ കെട്ടിട നിർമാണ ഉൽപന്നങ്ങൾ അവതരിപ്പിക്കും.
ലോകോത്തര കമ്പനികൾക്കൊപ്പം യു.എ.ഇയിലെ ഏറ്റവും പ്രമുഖ വ്യവസായ രാസവസ്തുനിർമാണ കമ്പനികളിൽ ഒന്നായ ആങ്കർ എലൈഡ് ഫാക്ടറി, ഡെൽട്ട കോട്ടിങ്സ് ഇന്റർനാഷനൽ, സെറ, റൈപ്പിൾ എൻജിനീയറിങ്, അലുസോൾ റോളിങ് ഷട്ട്ലേഴ്സ് ഇൻഡസ്ട്രീസ് തുടങ്ങിയവർ മേളയിൽ പങ്കെടുക്കുന്നുണ്ട്. 165 രാജ്യങ്ങളിൽ നിന്നായി 85,000 സന്ദർശകരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
നിർമാണമേഖലയുടെ വളർച്ച, വിതരണ ശൃംഖല, സാങ്കേതികവിദ്യകൾ, സുസ്ഥിരമായ പരിവർത്തനം, വിദഗ്ധരുടെ ശാക്തീകരണം തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയ ചർച്ചകളും വിശകലനങ്ങളും മേളയിൽ നടക്കും. കൂടാതെ ബിൽഡ്റോയിഡ് റോബോട്ടിക്സ് ഇന്റഗ്രേഷൻ പ്ലാറ്റ്ഫോം പോലുള്ള ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളും മേളയിൽ അവതരിപ്പിക്കും. നിർമിത ബുദ്ധി (എ.ഐ), വാസ്തുവിദ്യകൾ, ജിയോടെക്നിക്കൽ, പ്രൊജക്ട് മാനേജ്മെന്റ്, സ്റ്റാർട്ട് അപ്പ് സിറ്റി തുടങ്ങിയ മേഖലകളിൽ നിന്നുള്ള 370 ലധികം വിദഗ്ധരുടെ വിവിധ സെഷനുകളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.