പ്രതീകാത്മക ചിത്രം
റാസല്‍ഖൈമ: വൈദ്യുതി, ഗ്രീന്‍ ഹൈഡ്രജന്‍, ശുദ്ധജലം എന്നിവ ഒരേസമയം ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന നവീന സൗരോര്‍ജ സംവിധാനം അവതരിപ്പിച്ച് അമേരിക്കന്‍ യൂനിവേഴ്സിറ്റി ഓഫ് റാസല്‍ഖൈമ(എ.യു റാക്) ഗവേഷകര്‍. കെമിക്കല്‍ എന്‍ജിനീയറിങ് അസോസിയേറ്റ് പ്രഫ. ഡോ. ഉദയ് കുമാര്‍ നുട്ടക്കിയുടെ നേതൃത്വത്തില്‍ ഒമ്പത് സര്‍വകാലശാലകളിലെ ഏഴ് ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനമാണ് ശ്രദ്ധേയമായ കണ്ടുപിടുത്തം നടത്തിയത്. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രോസസ് സേഫ്റ്റി ആന്‍റ് എന്‍വയര്‍മെന്‍റല്‍ പ്രൊട്ടക്ഷന്‍ ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കണ്ണാടികളോ ലെന്‍സുകളോ ഉപയോഗിച്ച് സൂര്യപ്രകാശം കേന്ദ്രീകരിച്ച് ഉയര്‍ന്ന താപനില സൃഷ്ടിക്കുന്ന രീതിയായ കേന്ദ്രീകൃത സൗരോര്‍ജമാണ്(കൊന്‍സെന്‍ട്രേറ്റഡ് സോളാര്‍ പവര്‍ -സി.എസ്.പി) പദ്ധതിയുടെ കേന്ദ്ര സാങ്കേതിക വിദ്യ. പരമ്പരാഗത സൗരോര്‍ജ സംവിധാനങ്ങളിലൂടെ വൈദ്യുതി മാത്രമാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍, പുതിയ രീതിയിലൂടെ പാഴാകുന്ന താപോര്‍ജവും പുനരുപയോഗിക്കപ്പെടുന്നു. സോളാര്‍ ടവര്‍ അടിസ്ഥാനമാക്കിയുള്ള ബ്രെയ്റ്റണ്‍ സൈക്കിള്‍, സ്റ്റീം റാങ്കൈന്‍ സൈക്കിള്‍, ഓര്‍ഗാനിക് റാങ്കൈന്‍ സൈക്കിള്‍ എന്നിവ ചേര്‍ന്നതാണ് സംവിധാനം. വിവിധ താപചക്രങ്ങളിലൂടെ ഊര്‍ജ പ്രവാഹം ഘട്ടം ഘട്ടമായി വിനിയോഗിച്ച് പരമാവധി കാര്യക്ഷമത വര്‍ധിപ്പിച്ച് ഊര്‍ജ നഷ്ടം കുറക്കുന്നു. പുനരുപയോഗിക്കപ്പെടുന്ന താപോര്‍ജം ഉപയോഗിച്ച് ശുദ്ധ ജലം ഉല്‍പാപ്പിക്കുന്നതിന് റിവേഴ്സ് ഓസ്മോസിസ് ഡിസൈലേനഷന്‍ യൂനിറ്റ്, ഗ്രീന്‍ ഹൈഡ്രജന്‍റെ ഉല്‍പാദനത്തിന് പ്രോട്ടോണ്‍ എക്സ്ചേഞ്ച് മെമ്പ്രയ്ന്‍(പി.ഇ.എ) എന്നീ രണ്ട് പ്രകിയകള്‍ കൂടി പ്രവര്‍ത്തിപ്പിക്കും. ഈ കോംപാക്ട് സൗരോര്‍ജ സംവിധാനം ഒരൊറ്റ ഘടനയില്‍ നിന്ന് ശുദ്ധ വൈദ്യുതി ഗ്രിഡിലേക്ക് വിതരണം ചെയ്യുകയും കുടിവെള്ളവും ഹൈഡ്രജന്‍ ഇന്ധനവും ഒരേസമയം ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യും.
പരീക്ഷണ ഘട്ടത്തില്‍ നവീന സൗരോര്‍ജ സംവിധാനത്തിലൂടെ 2.05 മെഗാവാട്ട് വൈദ്യുതിയും ഏകദേശം 125.3 കിലോ ഗ്രാം സെക്കന്‍ഡ് ശുദ്ധജലം ഉല്‍പ്പാദനവും 15.52 കിലോഗ്രാം ഗ്രീന്‍ ഹൈഡ്രജന്‍ നിര്‍മാണവും നടന്നു. സീസണല്‍ വ്യത്യാസങ്ങളും സൗരതീവ്രതയിലെ മാറ്റങ്ങളും ഉള്‍പ്പെടെ വ്യത്യസ്ത സാഹചര്യങ്ങളില്‍ സംവിധാനത്തിന്‍റെ പ്രവര്‍ത്തനവും വിലയിരുത്തി. സൂപ്രകാശ തീവ്രതയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ക്കിടെയും സ്ഥിരതയുള്ള പ്രകടനം നിലനിര്‍ത്താന്‍ സൗരോര്‍ജ സംവിധാനത്തിന് കഴിഞ്ഞത് പ്രയോഗതലത്തില്‍ പ്രതിരോധ ശേഷി തെളിയിക്കുന്നതും വിജയ സാധ്യത തുറന്നിടുന്നതുമാണെന്ന് പഠനം പറയുന്നു.
ഉയര്‍ന്ന സൗര ത്രീവ്രതയും ജലക്ഷാമ വെല്ലുവിളികളും നേരിടുന്ന മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങള്‍ക്ക് ഇത്തരം ഏകീകൃത പരിഹാരങ്ങള്‍ ഏറെ പ്രയോജനകരമാകും. ഊര്‍ജ സുരക്ഷയും ജല സുസ്ഥിരതയും വ്യത്യസ്ഥ വെല്ലുവിളികളായി കാണുന്നതിന് പകരം സൗര വിഭവങ്ങളുടെ ബുദ്ധിപരമായ ഉപയോഗത്തിലൂടെ ഒരുമിച്ച് കൈകാര്യം ചെയ്യാനാകുമെന്നാണ് ഈ ഗവേഷണം തെളിയിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.