ബറഖ ആണവോര്‍ജ നിലയത്തിന്റെ മൂന്നാം യൂനിറ്റ്
അബൂദബി: ബറഖ ആണവോര്‍ജ നിലയത്തിന്റെ മൂന്നാം യൂനിറ്റിന്റെ വാണിജ്യതല പ്രവര്‍ത്തനം തുടങ്ങി. ഇതോടെ മൂന്നാം യൂനിറ്റ് ദേശീയ ഊര്‍ജ ശൃംഖലയിലേക്ക് 1400 മെഗാവാട്ട് ശുദ്ധ വൈദ്യുതി നല്‍കും.
മൂന്ന് യൂനിറ്റുകളില്‍നിന്ന് 4200 മെഗാവാട്ട് ഊര്‍ജമാണ് യു.എ.ഇ ദേശീയ ഊര്‍ജ ശൃംഖലക്ക് കൈമാറുന്നത്. അറബ് ലോകത്തെ ആദ്യ ആണവോര്‍ജ നിലയമായ ബറഖ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ യു.എ.ഇയുടെ ആകെ വൈദ്യുതി ഉപഭോഗത്തിന്റെ 25 ശതമാനവും ഉല്പാദിപ്പിക്കും. നാല് യൂനിറ്റുകളാണ് നിലയത്തിലുള്ളത്. ഇതില്‍ മൂന്നാമത്തെ നിലയമാണ് ഇപ്പോള്‍ വാണിജ്യ ഉൽപാദനം ആരംഭിച്ചത്.
യു.എ.ഇ സുസ്ഥിര വര്‍ഷം ആചരിക്കുകയും ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ഉച്ചകോടിയായ കോപ്-28ന് രാജ്യം വേദിയാകാന്‍ ഒരുങ്ങുകയും ചെയ്യുന്നതിനിടെയാണ് ആണവോര്‍ജ നിലയത്തിലെ മൂന്നാം യൂനിറ്റ് ഉൽപാദനം ആരംഭിച്ചതെന്നത് ശ്രദ്ധേയമാണ്.
2050ഓടെ കാര്‍ബണ്‍ വിമുക്തമാക്കുകയെന്ന യു.എ.ഇയുടെ നെറ്റ് സീറോ ലക്ഷ്യത്തിന് കരുത്തുപകരുന്നതാണ് ബറഖ ആണവോര്‍ജ നിലയത്തിലെ പുതിയ നേട്ടമെന്ന് എനക് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവുമായ മുഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു.
ബറഖ ആണവോര്‍ജ നിലയത്തിലെ നാലു യൂനിറ്റുകളും വൈദ്യുതി ഉൽപാദിപ്പിക്കുന്നതിലൂടെ 22.4 ദശലക്ഷം ടണ്‍ കാര്‍ബണ്‍ പുറന്തള്ളലാണ് പ്രതിവര്‍ഷം ഒഴിവാക്കുക. കഴിഞ്ഞ ജൂണിലാണ് മൂന്നാമത്തെ യൂനിറ്റിന് പ്രവര്‍ത്തനാനുമതി ലഭിച്ചത്.
എമിറേറ്റ്സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പറേഷന്റെ ഭാഗമായ നവാഹ് എനര്‍ജി കമ്പനിക്കാണ് അബൂദബിയിലെ ബറഖ ആണവോര്‍ജ നിലയത്തിന്റെ പ്രവര്‍ത്തന ചുമതല. ദേശീയ വിതരണശൃംഖലയുമായി മൂന്നാമത്തെ യൂനിറ്റ് വിജയകരമായി ഘടിപ്പിച്ചതോടെ യൂനിറ്റിന്റെ ഉൽപാദന ശേഷി കൂട്ടുന്നതിനും അധികൃതര്‍ നടപടികള്‍ കൈക്കൊള്ളും.
2020 ഫെബ്രുവരിയിലായിരുന്നു ബറഖ ആണവോര്‍ജ നിലയത്തിെന്റ ആദ്യ യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. 2021 മാര്‍ച്ചില്‍ രണ്ടാമത്തെ യൂനിറ്റിനും അനുമതി ലഭിച്ചു. ഒന്നാമത്തെ യൂനിറ്റിന്റെ വാണിജ്യ ഉൽപാദനം ആരംഭിച്ചത് 2021 ഏപ്രില്‍ 18നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.