ബഹ്റൈൻ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ എയർപോർട്ടിൽ നടന്ന പ്രത്യേക പരിപാടിയിൽ നിന്ന്
ദുബൈ: ബഹ്റൈനിന്റ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ വിമാനത്താവളത്തിലെത്തിയ ബഹ്റൈൻ യാത്രക്കാർക്ക് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ഊഷ്മളമായ വരവേൽപ്പ് നൽകി. ബഹ്റൈനോടുള്ള സ്നേഹത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രതീകമായി ‘ബഹ്റൈൻ; ഹൃദയത്തിലും കണ്ണിലും’ എന്ന സന്ദേശം രേഖപ്പെടുത്തിയ പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പതിച്ചാണ് യാത്രക്കാരെ സ്വീകരിച്ചത്.
യു.എ.ഇയും ബഹ്റൈനും തമ്മിലുള്ള ദീർഘകാല ചരിത്രബന്ധങ്ങളുടെയും ശക്തമായ സാഹോദര്യത്തിന്റെയും ആഴം വ്യക്തമാക്കുന്നതായിരുന്നു വിമാനത്താവളത്തിലെ പ്രത്യേക സ്വീകരണം. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ വിമാനത്താവളത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.
പാസ്പോർട്ട് നിയന്ത്രണ കൗണ്ടറുകളിൽ ബഹ്റൈൻ പതാകകൾ പ്രദർശിപ്പിക്കുകയും മുൻനിര ഉദ്യോഗസ്ഥർ ദേശീയപതാകയുടെ നിറങ്ങളിലുള്ള സ്കാർഫുകൾ ധരിച്ച് സേവനം നൽകുകയും ചെയ്തു. യാത്രക്കാർക്കായി പ്രത്യേക ലൈനുകളും സജ്ജമാക്കി. ജി.ഡി.ആർ.എഫ്.എയുടെ മാസ്കോട്ടുകളായ ‘സാലമും, ‘സലാമ’യും യാത്രക്കാരെ സ്വാഗതം ചെയ്യാൻ എത്തിയപ്പോൾ, സ്മാർട്ട് ഗേറ്റുകൾ ബഹ്റൈൻ പതാകയുടെ നിറങ്ങളിൽ ദീപാലങ്കൃതമായി. ഇതോടൊപ്പം, യാത്രക്കാർക്ക് സ്നേഹസമ്മാനങ്ങളും വിതരണം ചെയ്തു.
ബഹ്റൈൻ ദേശീയദിനത്തിൽ സഹോദരരാജ്യത്തിന്റെ സന്തോഷത്തിൽ പങ്കുചേരുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും സാഹോദര്യത്തിലും പരസ്പരധാരണയിലും സംയുക്ത പ്രവർത്തനത്തിലും അധിഷ്ഠിതമായ യു.എ.ഇ-ബഹ്റൈൻ ബന്ധം സഹകരണത്തിന്റെ ഉത്തമ മാതൃകയാണെന്നും ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.