ദുബൈ: വിമാനത്താവളത്തിൽവെച്ച് ജ്വല്ലറി ഉടമക്ക് നഷ്ടപ്പെട്ട രത്നാഭരണങ്ങൾ അടങ്ങിയ ബാഗ് വീണ്ടെടുത്ത് ദുബൈ പൊലീസ്. ബംഗ്ലാദേശിൽ നിന്നാണ് 11ലക്ഷം ദിർഹം വിലവരുന്ന രത്നാഭരണങ്ങൾ അടങ്ങിയ ബാഗ് പൊലീസ് കണ്ടെത്തിയത്.
യു.എ.ഇയിൽ നിന്ന് ജി.സി.സിയിലെ മറ്റൊരു രാജ്യത്ത് നടക്കുന്ന എക്സിബിഷനിൽ പങ്കെടുക്കാനായി പോകുകയായിരുന്നു ജ്വല്ലറി ഉടമ. ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷമാണ് ആഭരണങ്ങൾ അടങ്ങിയ ബാഗിന് പകരം മറ്റൊരാളുടെ ബാഗാണ് കൈവശമുള്ളതെന്ന് തിരിച്ചറിഞ്ഞത്. ഉടൻ ഇയാൾ തിരികെ യു.എ.ഇയിലെത്തുകയും ദുബൈ എയർപോർട്ട് സെക്യൂരിറ്റിയിൽ പരാതി നൽകുകയും ചെയ്തു.
എയർപോർട്ട് അതോറിറ്റി പ്രത്യേക ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ബംഗ്ലാദേശി യാത്രക്കാരൻ സുരക്ഷ പരിശോധനക്കിടെ ആഭരണമടങ്ങിയ ബാഗ് മാറിയെടുത്തതായി കണ്ടെത്തി. രണ്ട് ബാഗുകളും സമാന രീതിയിൽ ആയതായാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. ഇയാൾ ദുബൈയിൽ നിന്ന് ബംഗ്ലാദേശിലേക്ക് പോകുകയും ചെയ്തിരുന്നു. ഇതറിയാതെ ജ്വല്ലറി ഉടമ മറ്റൊരാളുടെ സമാന ബാഗാണ് കൊണ്ടുപോയത്.
വിവരം എയർപോർട്ട് അതോറിറ്റി ഉടൻ ദുബൈ പൊലീസിൽ റിപോർട്ട് ചെയ്തു. തുടർന്ന് ദുബൈ പൊലീസ് ധാക്കയിലെ യു.എ.ഇ എംബസിയുമായും മറ്റ് അതോറിറ്റികളുമായും നേരിട്ട് ബന്ധപ്പെടുകയും ബാഗ് മാറിയെടുത്ത ബംഗ്ലാദേശി യാത്രക്കാരന്‍റെ ലൊക്കേഷൻ കണ്ടെത്തി ബാഗ് തിരികെ യു.എ.ഇയിലെത്തിക്കുകയുമായിരുന്നു. ധ്രുതഗതിയിൽ നഷ്ടപ്പെട്ട ബാഗ് കണ്ടെത്താൻ ഇടപെട്ട യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിനും ബംഗ്ലാദേശിലെ യു.എ.ഇ അംബാസിഡർ അബ്ദുല്ല അലി അബ്ദുല്ല അൽ ഹുമൈദിനും ദുബൈ പൊലീസ് നന്ദി അറിയിച്ചു. ബാഗ് കണ്ടെത്തിയ ദുബൈ പൊലീസിന് ഉടമയും നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.