ദുബൈ: കേരളത്തിലെ വികസനത്തെ കുറിച്ചും പുരോഗതിയെ സംബന്ധിച്ചും ആഗോള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വളരെ മികച്ച കാഴ്ചപ്പാടുകൾ പുലർത്തുന്നവരാണ് പ്രവാസികൾ. ജന്മനാട്ടിൽ നടപ്പിലാക്കിയാൽ ഏറെ ഉപകാരപ്രദമാകുന്നതും ദീർഘകാലത്തേക്ക് ഗുണപ്രദവുമായ നിരവധി പദ്ധതികളെ കുറിച്ച ആശയങ്ങൾ അവരുടെ മനസിൽ ഒളിഞ്ഞിരിപ്പുണ്ട്. ഒന്നിച്ചിരുന്ന് ആലോചിച്ചാൽ അത്തരം ആശയങ്ങൾ കൂടുതൽ തെളിച്ചമുള്ളതായി തീരും. അത്തരം ആശയങ്ങളെ മലയാളി സമൂഹത്തിന്‍റെ ശ്രദ്ധയിലേക്കും ചർച്ചയിലേക്കും എത്തിക്കാനായി മീഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ മേളയായ ‘കമോൺ കേരള’ വേദിയൊരുക്കുകയാണ്.
ഗൾഫ് മാധ്യമം ‘കമോൺ കേരള’ എട്ടാം എഡിഷന്റെ ഭാഗമായി ഒരുക്കുന്ന അലുംനി ഇംപാക്ട് അവാർഡ് സീസൺ-2 ലാണ് ഭാവി കേരളത്തെ കുറിച്ച മികച്ച ഭാവനക്ക് പുരസ്കാരം സമ്മാനിക്കുന്നത്. സുസ്ഥിര വികസന മാതൃകയെന്ന നിലയിൽ ഭാവി കേരളത്തിന് സഹായകരമാകുന്ന ഒരു കാഴ്ചപ്പാട് യു.എ.ഇയിൽ പ്രവർത്തിക്കുന്ന കോളേജ് അലുംമ്നികൾക്ക് അവാർഡിനായി സമർപ്പിക്കാം.
അലുംനി അസോസിയേഷനുകൾ കൂട്ടായ്മയിൽ ചർച്ച ചെയ്ത് പദ്ധതിയുടെ ആശയം, ലക്ഷ്യങ്ങൾ, പ്രായോഗികത എന്നിവ രണ്ട് പേജിൽ കൂടാത്ത രീതിയിലാണ് സമർപ്പിക്കേണ്ടത്. മലയാളത്തിലോ ഇംഗ്ലീഷിലോ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാം. കൂട്ടായ്മയുടെ ഔദ്യോഗിക ഭാരവാഹികളുടെ പേരിലാണ് ആശയങ്ങൾ സ്വീകരിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുജന സമക്ഷം അവതരിപ്പിക്കാൻ അവസരമുണ്ടാകും. പൊതു സമൂഹത്തിന്‍റെ പങ്കാളിത്തത്തോടെ ഓൺലൈൻ വോട്ടെടുപ്പ് കൂടി അടിസ്ഥാനമാക്കി, വിദഗ്ദ ജൂറിയാണ് വിജയികളെ തെരഞ്ഞെടുക്കുക. ഏറ്റവും മികച്ച ആശയം ഗൾഫ് മാധ്യമം പത്രത്തിൽ പ്രസിദ്ധീകരിച്ച് കേരളത്തിന്‍റെ പൊതുമണ്ഡലത്തിൽ ചർച്ചക്ക് വെക്കുകയും അധികാരികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയും ചെയ്യും. dubai@gulfmadhyamam.net എന്ന മെയിലിലേക്ക് ആശയങ്ങൾ സമർപ്പിക്കാം. ഏപ്രിൽ 10 ആണ് സമർപ്പിക്കേണ്ട അവസാന തിയ്യതി.
കഴിഞ്ഞ വർഷം ‘കമോൺ കേരള’യിൽ ആരംഭിച്ച അലുംനി ഇംപാക്ട് അവാർഡിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഏറ്റവും മികച്ച സാമൂഹിക ഇടപെടലുകൾ സംഘടിപ്പിക്കുന്ന അലുംനിയെയാണ് കഴിഞ്ഞ വർഷം അവാർഡിന് പരിഗണിച്ചത്. നൂറോളം അലുമ്നികളാണ് മൽസര രംഗത്തുണ്ടായിരുന്നത്. കൂടുതൽ വിവരങ്ങൾക്ക്: +971 55 669 9188.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.